ന്യൂഡൽഹി: ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ ജയിൽ മോചിതനായി. അറസ്റ്റിലായി 23 ദിവസത്തിന് ശേഷമാണ് മോചനം. സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതോടെയാണ് മോചനം സാധ്യമായത്. ഉത്തർപ്രദേശ് സർക്കാരിന്റെ കടുത്ത എതിർപ്പ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് തള്ളുകയും എല്ലാ കേസുകളും ഡൽഹിയിലേക്ക് മാറ്റാൻ നിർദേശം നൽകുകയുമായിരുന്നു. കസ്റ്റഡിയിൽ വെയ്ക്കാൻ ഒരു ന്യായീകരണവും ഇല്ലെന്നും കോടതി നിരീക്ഷിച്ചു.
സുപ്രിംകോടതി ഇടക്കാല ജാമ്യം നൽകിയ മുഹമ്മദ് സുബൈറിനെ രാത്രി എട്ട് മണിയോടെയാണ് തീഹാർ ജയിലിൽ നിന്ന് വിട്ടയച്ചത്. ഉത്തർപ്രദേശ് സർക്കാരിന്റെ കടുത്ത എതിർപ്പ് തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ജാമ്യം അനുവദിച്ചത്. വസ്തുതകൾക്ക് പിന്നാലെ സഞ്ചരിക്കുന്നയാളെ നിശബ്ദനാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മുഹമ്മദ് സുബൈറിന്റെ അഭിഭാഷക വൃന്ദ ഗ്രോവർ ചൂണ്ടിക്കാട്ടി. ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ സമാന ആരോപണങ്ങളിലാണ് യു.പിയിലും എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തത്.
ഡൽഹിയിലെ കേസിൽ മുഹമ്മദ് സുബൈറിന് നേരത്തെ തന്നെ ജാമ്യം അനുവദിച്ചിരുന്നു. ഇക്കാര്യം രേഖപ്പെടുത്തിയ സുപ്രീംകോടതി, മുഹമ്മദ് സുബൈറിനെ നിരന്തരം കസ്റ്റഡിയിൽ സൂക്ഷിക്കുന്നത് ന്യായീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി.