തിരുവനന്തപുരം: വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസുകാരെ കയേറ്റം ചെയ്ത കേസില്‍ ഇ പി ജയരാജനെതിരെ കേസെടുത്ത് വലിയതുറ പൊലീസ്. ഐ.പി.സി 308, 307, 506, 120 വകുപ്പുകള്‍ പ്രകാരം വധശ്രമം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ഇ.പിക്കെതിരേ വലിയതുറ പോലീസ് ചുമത്തിയിട്ടുണ്ട്.
വിമാനത്തില്‍ പ്രതിഷേധക്കാരെ തള്ളിയ സംഭവത്തില്‍ ഇപി ജയരാജന്‍, മുഖ്യമന്ത്രിയുടെ ഗണ്മാന്‍, പേഴ്‌സണല്‍ സ്റ്റാഫ് എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് നിര്‍ദ്ദേശം നല്‍കിയത്. പ്രതിഷേധക്കേസിലെ പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദും ആര്‍കെ നവീന്‍ കുമാറുമാന് ഹര്‍ജി സമര്‍പ്പിച്ചത്.
പ്രതിഷേധ സമയത്ത് ഇപി ജയരാജന്‍ കയ്യേറ്റം ചെയ്തു എന്ന് ഹര്‍ജിയില്‍ ഇവര്‍ സൂചിപ്പിച്ചു. ഇപി ജയരാജന്‍ കഴുത്തില്‍ കുത്തിപ്പിടിച്ചെന്നും കഴുത്തില്‍ കുത്തിപ്പിടിച്ച് മുഖത്തടിച്ചു എന്നും തള്ളിയിട്ടു എന്നും ഹര്‍ജിയില്‍ സൂചിപ്പിക്കുന്നു. മുഖ്യമന്ത്രിക്കെതിരെ പറഞ്ഞാല്‍ ജീവനോടെയിരിക്കില്ല എന്ന് ഭീഷണിപ്പെടുത്തി. പ്രതിഷേധം എന്ന മുദ്രാവാക്യം വിളിച്ചതിനായിരുന്നു ആക്രമണം എന്നും ഹര്‍ജിയില്‍ പറയുന്നു.
പ്രതിഷേധവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് രണ്ടാഴ്ചത്തെ വിമാന വിലക്കും ഇ.പി ജയരാന് മൂന്നാഴ്ചത്തെ വിമാനവിലക്കും ഇന്‍ഡിഗോ ഏര്‍പ്പെടുത്തിയിരുന്നു. പക്ഷെ, ഇ.പിക്കെതിരേ കേസെടുക്കില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ഇതടക്കം ചൂണ്ടിക്കാട്ടിയാണ് യൂത്ത്കോണ്‍ഗ്രസുകാര്‍ ഹരജി നല്‍കിയത്.
എന്നാൽ കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ രംഗത്തെത്തിയിരുന്നു. കോടതി ഉത്തരവ് സ്വാഭാവിക നടപടിയാണെന്നും, ഇത് തനിക്കും പാർട്ടിക്കുമേറ്റ തിരിച്ചടിയാണെന്നുള്ളത് മാധ്യമ വ്യാഖ്യാനമാണെന്നും ഇ.പി ജയാരജൻ പ്രതികരിച്ചു. പിണറായിയെ കൊല്ലാൻ വാടക കൊലയാളികളെ അയച്ചവരാണ് കോൺഗ്രസ് നേതാക്കളെന്നും, കോൺഗ്രസുകാർ നിരാശരായി കോടതിക്ക് ചുറ്റും നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അവർ തനിക്കെതിരെ കേസെടുക്കണം എന്ന് മാത്രം അല്ല, കൊല്ലണം എന്നും പറഞ്ഞില്ലേയെന്നും അദ്ദേഹം ചോദിച്ചു. ഇൻഡിഗോ അന്വേഷണ കമ്മീഷൻ നിലവാരം ഇല്ലാത്തതതാണ്. അതുകൊണ്ടാണ് തനിക്ക് എതിരെ റിപ്പോർട്ട് നൽകിയതെന്നും തങ്ങൾ ശരിമാത്രമാണ് ചെയ്തതെന്നും ഇ.പി ജയരാജൻ ആവർത്തിച്ചു.
















