സർക്കാർ സബ്‌സിഡിയുള്ള ഡീസൽ മോഷ്ടിക്കാനും നിയമവിരുദ്ധമായി വിൽക്കാനും ഉപയോഗിച്ച 21 ടാങ്കറുകളും ട്രക്കുകളും തകർത്ത് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. പിടിച്ചെടുത്ത വാഹനങ്ങൾ ജെ.സി.ബി ഉപയോഗിച്ച് തകർക്കുന്നതിന്റെ ദൃശ്യങ്ങളും മന്ത്രാലയം പുറത്തുവിട്ടു.
സർക്കാർ ഫണ്ടുകളുടെ സംരക്ഷണവും ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ തടയലും ലക്ഷ്യമിട്ട് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സൗദ് അസ്സബാഹിന്‍റെ നിർദേശപ്രകാരമാണ് ഇത്തരത്തിൽ നടപടി സ്വീകരിച്ചത്.
രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് വാഹനങ്ങൾ പിടിച്ചെടുത്തത്. ആദ്യ പ്രാവശ്യം എട്ട് വാഹനങ്ങളും രണ്ടാം തവണ 13 വാഹനങ്ങളുമാണ് തകർത്തത്. കേസുകൾ രജിലസ്റ്റർ ചെയ്ത് പബ്ലിക് പ്രോസിക്യൂഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് വാഹനങ്ങൾ തകർക്കുന്ന നടപടി സ്വീകരിച്ചത്.
ചില ടാങ്കറുകൾ ഉടമകൾ വാടകക്ക് നൽകിയിരുന്നതാണ്. ഇവ ഡീസൽ മോഷണം അടക്കം കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുകയാണെന്ന് ഉടമകൾക്ക് അറിയുമായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയോ അതിനായി വാഹനങ്ങൾ നൽകുകയോ ചെയ്യുന്നവർക്കുള്ള താക്കീതും കൂടിയായാണ് ഇത്തരം നടപടികൾ സ്വീകരിക്കുന്നത്.

















