തിരുവനന്തപുരം: വിമാനത്തിൽ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ ഇ.പി. ജയരാജനെതിരെയും മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കെതിരെയും കേസെടുക്കാനുള്ള കോടതി ഉത്തരവ് നീതിന്യായവ്യവസ്ഥയുടെ അന്തസ് ഉയർത്തി പിടിക്കുന്നതാണെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. കോടതി വിധി സര്‍ക്കാരിനേറ്റ കനത്ത പ്രഹരമാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും തിട്ടൂരം അനുസരിച്ച് പക്ഷപാതപരമായി പ്രവർത്തിക്കുന്ന പോലീസിന്റെ നിഷേധാത്മക നിലപാടിനേറ്റ കനത്ത പ്രഹരം കൂടിയാണ് കോടതി വിധി. പോലീസ് രാഷ്ട്രീയം കളിച്ചതിന്റെ പേരിലാണ് കോണ്‍ഗ്രസിന് കോടതിയെ സമീപിക്കേണ്ടിവന്നത്.
ജനാധിപത്യത്തിന് തന്നെ അപമാനമാണ് കേരളത്തിലെ ഇപ്പോഴത്തെ ഇടതുഭരണം. അധികാരത്തിന്റ തണലില്‍ എന്തുനെറികേടും ചെയ്യാനും എല്ലാത്തരം ക്രിമിനലുകളെയും സംരക്ഷിക്കാനും അവരാണ് തന്റെ രക്ഷകരെന്ന് സമര്‍ത്ഥിക്കാനുമാണ് മുഖ്യമന്ത്രി ശ്രമിച്ചത്. തെരുവ് ഗുണ്ടയെപ്പോലെ പ്രവര്‍ത്തിച്ച രാഷ്ട്രീയ ക്രിമിനലിനു വേണ്ടി സഭയ്ക്കകത്തും പുറത്തും വാദിച്ച മുഖ്യമന്ത്രിക്ക് അഭ്യന്തരവകുപ്പിന്റെ കസേരയിലിരിക്കാനുള്ള യോഗ്യതയില്ല. അധികാര ദുര്‍വിനിയോഗം നടത്തി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വേട്ടയാടിയ സര്‍ക്കാരിനേറ്റ കനത്ത പ്രഹരമാണ് കോടതി വിധിയെന്നും സുധാകരന് പറഞ്ഞു.
നിയമ സംവിധാനങ്ങളെ ഇരുട്ടിന്റെ മറവില്‍ നിറുത്തി ഭരണം നടത്താനാണ് പിണറായി ശ്രമിച്ചത്. നീതിനിഷേധിക്കപ്പെടുന്ന സാധാരണക്കാരന് കോടതിയോടുള്ള വിശ്വാസം വര്‍ധിപ്പിക്കുന്ന വിധിയാണിത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ മുഖ്യമന്ത്രിയുടെ കൂലിപട്ടാളം എടുത്ത വധശ്രമം, ഗൂഢാലോചന തുടങ്ങിയ കുറ്റം ചെയ്തത് ഇപി ജയരാജനും മുഖ്യമന്ത്രിയും പേഴ്സണല്‍ സ്റ്റാഫും ആണെന്ന് കോടതിവിധിയിലൂടെ വ്യക്തമായെന്നും സുധാകരന് പറഞ്ഞു.