അമൃത്സര്‍: ഏറ്റുമുട്ടലിനൊടുവില്‍ ഗായകന്‍ സിദ്ധു മൂസേവാല കൊലക്കേസിലെ പ്രതികള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. അധോലോക സംഘാംഗങ്ങളായ ജഗ്‌രൂപ് സിങ് രൂപ, മന്നു കുസ്സ എന്ന മന്‍പ്രീത് സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതികളും പോലീസുമായി നടന്ന വെടിവെപ്പില്‍ മൂന്ന് പോലീസുകാര്‍ക്കും പരിക്കേറ്റു.
അധോലോക സംഘാംഗങ്ങളായ ജഗ്‌രൂപ് സിംഗ് രൂപ, മന്‍പ്രീത് സിങ് എന്നിവരെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് വെടിവയ്പ്പ് നടന്നത്. നാല് മണിക്കൂറോളമാണ് ഏറ്റുമുട്ടല്‍ നീണ്ടുനിന്നത്. അമൃത്സറില് നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ഭക്ന ഗ്രാമത്തില്‍വച്ചാണ് പഞ്ചാബ് പോലീസിന്റെ ഗുണ്ടാ വിരുദ്ധ സേനയും അധോലോക സംഘവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.
പോലീസിനു നേരെ വെടിയുതിര്‍ത്ത എട്ട് പേരെ അറസ്റ്റ് ചെയ്തു. ഏറ്റുമുട്ടല്‍ നടന്ന സ്ഥലം പാക്കിസ്ഥാന് അതിര്‍ത്തിയില്‍ നിന്ന് 10 കിലോമീറ്റര്‍ മാത്രം അകലെയാണെന്നും പോലീസ് പറഞ്ഞു. ജഗ്‌രൂപ് സിങ് ആണ് ആദ്യം കൊല്ലപ്പെട്ടത്. ഇതിന് ശേഷം ഒരു മണിക്കൂറോളം മന്‍പ്രീത് സിങ് പോലീസിന് നേരെ വെടിയുതിർത്തതായി പോലീസ് അറിയിച്ചു. നാല് മണിയോടെയാണ് ഇയാളും കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിനിടെ ഒരു ചാനല്‍ ക്യാമറാമാനും കാലില്‍ വെടിയേറ്റു.
പഞ്ചാബി ഗായകനും മുന്‍ കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസെ വാലയുടെ മരണത്തിന് പിന്നില്‍ കാനഡ കേന്ദ്രീകൃതമായ ഗുണ്ടാസംഘമാണെന്നു പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഗോള്‍ഡി ബ്രാര്‍ എന്ന ഗുണ്ടാസംഘമാണ് കൊലപാതകത്തിന് പിന്നിലെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തുവന്നത്.