തമിഴ് താരം വിക്രമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതും താരം പിന്നീട് ഡിസ്ചാർജ് ആയതും അടുത്തിടെ വാർത്തയായിരുന്നു. എന്നാൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയ വിക്രം ആരാധകരോട് അവരുടെ പ്രാർത്ഥനകൾക്ക് നന്ദി രേഖപ്പെടുത്തി ഒരു വീഡിയോ പങ്കുവെച്ചു എന്ന് അവകാശപ്പെട്ടു വിക്രം സംസാരിക്കുന്ന ഒരു സെൽഫി വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചാരത്തിലുണ്ട്. എന്നാൽ പോസ്റ്റിലെ ഈ വാദം തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണ്. പ്രചരിക്കുന്ന ഈ വീഡിയോ 2017-ൽ നിന്നുള്ളതാണ്. പ്രചാരത്തിലുള്ള വീഡിയോ പരിശോധിച്ചപ്പോൾ ‘ചിയാൻ വിക്രം തന്റെ ജന്മദിനത്തിൽ ആരാധകർക്ക് നന്ദി പറയുന്നു’ എന്ന അടിക്കുറിപ്പോടെ ഏപ്രിൽ 18 2017ന് വെരിഫൈഡ് യൂട്യൂബ് ചാനലായ Reel Petti അപ്‌ലോഡ് ചെയ്തതായികണ്ടെത്താൻ സാധിച്ചു. വീഡിയോയുടെ തുടക്കത്തിൽ വിക്രം ഇത് തന്റെ ഇതുവരെയുള്ള ഏറ്റവും മികച്ച ജന്മദിനമാണ് എന്ന് പറയുന്നത് കേൾക്കാം. ഈ ഭാഗം എഡിറ്റ് ചെയ്ത് മാറ്റിയാണ് വീഡിയോ ഇപ്പോൾ പ്രചരിപ്പിക്കുന്നത്.
#ChiyaanVikram Sir is Discharged for today !♥️🙏🏽
Waiting to see #CobraAudioLaunch pic.twitter.com/oDUPlJmebl
— ChiyaanMathanCvf (@mathanotnmcvf) July 9, 2022
ഏപ്രിൽ 18 2017ന് IndiaGlitz Tamil എന്ന മറ്റൊരു വെരിഫൈഡ് യൂട്യൂബ് ചാനൽ ഇതേ വീഡിയോ അപ്‌ലോഡ് ചെയ്തിരുന്നു. വീഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെ, “ ജന്മദിനത്തിന്റെ തലേന്ന് (ഏപ്രിൽ 17) ചിയാൻ വിക്രമിന്റെ ധ്രുവനച്ചത്തിരത്തിന്റെ രണ്ടാം ടീസർ പുറത്തിറങ്ങി. ആരാധകരുടെ പ്രതികരണത്തിൽ മതിമറന്ന താരം ഇൻസ്റ്റാഗ്രാമിലൂടെ തന്റെ ആരാധകരുടെ സ്നേഹത്തിന് നന്ദി പറഞ്ഞു. തന്റെ ആരാധകരുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ചുകൊണ്ട് ഒരു വീഡിയോയും പങ്കുവെച്ചു.” തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രചാരത്തിലുള്ള വീഡിയോയുടെ യഥാർത്ഥ പതിപ്പ് വിക്രം തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ 2017-ൽ അപ്‌ലോഡ് ചെയ്തതായി കണ്ടെത്താൻ സാധിച്ചു. വിക്രമിനെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു പിന്നാലെ അദ്ദേഹത്തിന്റെ ആരോഗ്യനിലയെ സംബന്ധിച്ചു നിരവധി അബ്യൂഹങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേതുടർന്ന് താരത്തിനു ഹൃദയാഘാതം ഉണ്ടായിട്ടില്ലെന്ന് മകൻ ദ്രുവ് ഇൻസ്റ്റാഗ്രാമിൽലൂടെ വ്യക്തമാക്കിയിരുന്നു.
ധ്രുവിന്റെ വാക്കുകൾ ഇങ്ങനെ “പ്രിയപ്പെട്ട ആരാധകരേ, അഭ്യുദയകാംക്ഷികളേ, അപ്പയ്ക്ക് നേരിയ നെഞ്ചുവേദന ഉണ്ടായിരുന്നു. അതിനായി ചികിത്സയിലാണ്. റിപ്പോർട്ടുകൾ പറയുന്നതുപോലെ അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട കിംവദന്തികൾ പ്രചരിക്കുന്നതിൽ ഞങ്ങൾക്ക് വേദനയുണ്ട്,”. പ്രചാരത്തിലുള്ള വീഡിയോ 2017-ൽ നിന്നുള്ളതാണെന്നും ഇതിനു വിക്രമിന്റെ ഇപ്പോഴത്തെ ആശുപത്രി പ്രവേശനവുമായി യാതൊരു ബന്ധവുമില്ല എന്നും ഇതിനാൽ വ്യക്തമാണ്.