തിരുവനന്തപുരം: കൊല്ലത്ത് നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച നടപടി നിരുത്തരവാദപരമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. വിഷയത്തിൽ കേന്ദ്ര സർക്കാരിനെ വിവരമറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംഭവത്തിൽ എ.ഐ.വൈ.എഫ് പ്രവർത്തകർ പ്രതിഷേധമറിയിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
വസ്ത്രമഴിപ്പിച്ച നടപടി പരീക്ഷ എഴുതുന്ന കുട്ടികൾക്ക് മാനസിക സംഘർഷം ഉണ്ടാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിനെ രേഖാമൂലം പ്രതിഷേധം അറിയിക്കും. ഭാവിയിൽ ഇതുപോലുള്ള സംഭവം ആവർത്തിക്കാതിരിക്കാൻ നടപടി എടുക്കണമെന്നും മന്ത്രി ആർ.ബിന്ദു ആവശ്യപ്പെട്ടു.
പരീക്ഷാ നടത്തിപ്പിന് നിയോഗിച്ച ഏജൻസിയുടെ ഭാഗമായവരാണ് പരിശോധന നടത്തിയത്. ഏജൻസിയുടെ ഭാഗത്തുനിന്ന് വൻ പിഴവാണ് ഉണ്ടായിരിക്കുന്നത്. മാനസികമായുണ്ടായ പരിക്ക് പരീക്ഷയെ ബാധിക്കുമെന്ന് ഉറപ്പാണ്. അടിസ്ഥാന മനുഷ്യാവകാശം പോലും പരിഗണിക്കാതെയുള്ള ഇങ്ങനെയൊരു പ്രവൃത്തി തീർത്തും നിരുത്തരവാദപരമാണ്. സംഭവത്തിൽ സംസ്ഥാന സർക്കാരിന്റെ അതൃപ്തി കേന്ദ്ര മന്ത്രാലയത്തെ അറിയിക്കും. ഭാവിയിൽ ഇതുപോലുള്ള സംഭവം ആവർത്തിക്കാതിരിക്കാൻ ജാഗ്രതയുണ്ടാവണമെന്ന് ആവശ്യപ്പെടും – മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.
നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർഥിനിയെ, പരീക്ഷയ്ക്ക് മുമ്പായി അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയെന്നാണ് പരാതി. ആയൂരിലെ കോളജിൽ പരീക്ഷ എഴുതാനെത്തിയ പെൺകുട്ടികളുടെ അടിവസ്ത്രമാണ് ഉദ്യോഗസ്ഥർ അഴിച്ചു പരിശോധിച്ചത്.
ഇവിടെ പരീക്ഷയ്ക്ക് എത്തിയ 90 ശതമാനം പെൺകുട്ടികളുടെയും അടിവസ്ത്രം അഴിപ്പിച്ചുവെന്നും ആരോപണമുണ്ട്. സംഭവത്തിൽ ഒരു പെൺകുട്ടി കൊട്ടാരക്കര ഡിവൈഎസ്പിക്ക് പരാതി നൽകി.
എന്നാൽ, ഇക്കാര്യത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് പരീക്ഷ നടന്ന ആയൂരിലെ കോളജ് അധികൃതർ പ്രതികരിച്ചു. നീറ്റ് സംഘം നിയോഗിച്ച ഏജൻസിയാണ് വിദ്യാര്ഥികളെ പരിശോധിച്ചതെന്നും അവര് വിശദീകരിച്ചു.