ജൂലൈ മാസത്തിൽ ഇതുവരെ കേരളത്തിൽ ലഭിച്ചത് 52.18 സെൻറീമീറ്റർ മഴയാണ്. അടുത്ത നാല് ദിവസംകൂടി സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും പ്രതികൂലമായ കാലാവസ്ഥ നിലനിൽക്കെ റോഡ് ഒലിച്ചു പോയതിനെത്തുടർന്ന് അപകടകരമാംവിധം കുടുങ്ങിക്കിടക്കുന്ന ഒരു ലോറിയുടെയും കാറിന്റെയും വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തകർന്ന റോഡിൽനിന്ന് കുത്തിയൊഴുകുന്ന വെള്ളത്തിലേക്ക് ഒന്നിനുമുകളിലൊന്നായി കുത്തനെ തടഞ്ഞുകിടക്കുന്ന ലോറിയും കാറുമാണ് ദൃശ്യങ്ങളിലുള്ളത്. അടിമാലി മൂന്നാർ റോഡിലാണ് അപകടം സംഭവിച്ചതെന്നാണ് പലരും സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവെക്കവേ കുറിച്ചത്. “സഞ്ചാരികൾ ശ്രെദ്ധിക്കു….. ഊട്ടി ഗൂഡല്ലൂർ റോഡ്, അടിമാലി മൂന്നാർ റോഡ്,” എന്ന കുറിപ്പിനൊപ്പം ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എന്നാൽ ഈ വാദം തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഈ വീഡിയോ കേരളത്തിലോ അയൽ സംസ്ഥാനങ്ങളിലോ സംഭവിച്ച അപകടത്തിന്റെ കാഴ്ചയല്ല. ശക്തമായ മഴയെത്തുടർന്ന് മേഘാലയയിൽ ജൂൺ മാസത്തിലുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങളാണിത്.
മൂന്നാർ-അടിമാലി റോഡിൽ ഇത്തരത്തിൽ വലിയൊരു അപകടം ഉണ്ടായതിന്റെ വാർത്തകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. തുടർന്ന് പ്രചരിക്കുന്ന വീഡിയോ സേർച്ച് ചെയ്തു പരിശോദിച്ചു. ഇതിൽ നിന്നും ഹിന്ദുസ്ഥാൻ ടൈംസിന്റെ റിപ്പോർട്ട് ലഭിച്ചു. 2022 ജൂൺ മാസം പതിനാറാം തീയതി പ്രസിദ്ധീകരിച്ച റിപ്പോർട്ട് റോഡ് തകർന്നതിനെത്തുടർന്ന് അപകടത്തിൽപ്പെട്ട ലോറിയെപ്പറ്റി ആയിരുന്നു. റിപ്പോർട്ടിനൊപ്പം വാർത്താ ഏജൻസി ആയ ANI അതേദിവസംതന്നെ നൽകിയിരുന്ന ഒരു വീഡിയോ ട്വീറ്റും ഉണ്ടായിരുന്നു. 25 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോയിലെ ഭാഗങ്ങൾ തന്നെയാണ് ഇപ്പോൾ പ്രചരിക്കുന്നതെന്ന് പരിശോധനയിൽ ബോധ്യമായി. വാർത്താ റിപ്പോർട്ട് പ്രകാരം നാഷണൽ ഹൈവേ ആറിൽ (NH-6) മേഘാലയയിലെ ഈസ്റ്റ് ജെയ്ൻറ്റിയ ഹിൽസ് എന്ന സ്ഥലത്താണ് അപകടമുണ്ടായത്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളായ മേഘാലയ, ആസാം, മിസോറാം എന്നിവയിലൂടെ കടന്നു പോകുന്ന നാഷണൽ ഹൈവേ ആറിൽ ശക്തമായ മഴ മൂലമുണ്ടായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമാണ് അപകടത്തിന് കാരണമായത്. ഇതോടെ മൂന്നാർ അടിമാലി റോഡിൽ ഉണ്ടായ അപകടം എന്ന പേരിൽ പലരും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് കേരളത്തിൽ നിന്നുള്ള ദൃശ്യങ്ങൾ അല്ലെന്ന് വ്യക്തമായി.
#WATCH | East Jaintia Hills, Meghalaya: Due to an unrelenting heavy downpour, some parts of the road on National Highway-6 under Lumshnong Police Station limits got heavily damaged, leading to traffic disruption.
(Source: East Jaintia Hills district police) pic.twitter.com/8huoFIiN86
— ANI (@ANI) June 16, 2022