ന്യൂഡൽഹി: പശ്ചിമബംഗാൾ ഗവര്‍ണര്‍ ജഗദീപ് ധൻകറിനെ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. ബി.ജെ.പി ദേശീയ ആസ്ഥാനത്ത് ചേർന്ന പാർലമെന്ററി ബോർഡ് യോഗത്തിൽ വെച്ചായിരുന്നു തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദി, ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, അമിത് ഷാ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു യോഗം.
ജനതാദളിലൂടെ രാഷ്ട്രീയത്തിലെത്തിയ ധൻകര്‍ സുപ്രീംകോടതിയിലെ അഭിഭാഷകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജാട്ട് സമുദായംഗമായ ധൻകറെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുക വഴി ആദിവാസി വിഭാഗത്തിൽ നിന്നൊരു രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയും, ഒബിസി വിഭാഗത്തിൽ നിന്നും ഒരു ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയും എന്ന രാഷ്ട്രീയ നീക്കം കൂടിയാണ് ബിജെപി നടത്തുന്നത്.
കര്‍ഷകപുത്രൻ എന്ന വിശേഷണത്തോടെയാണ് ധൻകറിൻ്റെ സ്ഥാനാര്‍ത്ഥിത്വം ജെപി നഡ്ഡ പ്രഖ്യാപിച്ചത്. ജനങ്ങളുടെ ഗവര്‍ണറായിട്ടാണ് അദ്ദേഹം ബംഗാളിൽ പ്രവര്‍ത്തിച്ചതെന്നും നഡ്ഡ പറഞ്ഞു.
2019 ജുലായ് 30 മുതൽ പശ്ചിമ ബംഗാൾ ഗവര്‍ണറാണ് ജഗ്ദീപ് ധൻകർ. മുൻ കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‌വി, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ക്യാപ്റ്റൻ അമരീന്ദർ സിങ്, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ജമ്മു കശ്മീർ ലഫ്.ഗവർണർ മനോജ് സിൻഹ, മുൻ കേന്ദ്രമന്ത്രി എസ്.എസ് അലുവാലിയ, കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി എന്നിവരുടെ പേരുകളാണ് ആദ്യഘട്ടം മുതൽ സ്ഥാനാർഥിപദത്തിലേക്ക് ഉയർന്നുവന്നിരുന്നത്.
അതേസമയം പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥിയെ നിശ്ചയിക്കാൻ ഞായറാഴ്ച കോൺഗ്രസ് പ്രതിപക്ഷകക്ഷികളുടെ യോഗം വിളിക്കും. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി ഞായറാഴ്ച സർക്കാരും സ്പീക്കറും ഉപരാഷ്ട്രപതിയും വിളിച്ചിട്ടുള്ള കക്ഷിനേതാക്കളുടെ യോഗങ്ങൾക്കുശേഷമായിരിക്കും ഇതെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.