തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായി. കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി മുതൽ കാസർകോട് വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. ചൊവ്വാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം.
അതേസമയം, സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ ഇന്ന് മൂന്ന് പേര്‍ മരിച്ചു. കോഴിക്കോട് രണ്ട് പേര്‍ മുങ്ങി മരിച്ചു. വയനാട് മണ്ണിടിഞ്ഞാണ് ഒരാള്‍ മരിച്ചത്. കോഴിക്കോട് മാവൂരില്‍ ഓഡിറ്റോറിയത്തിലേക്ക് വെള്ളം ഇരച്ച് കയറി വിവാഹ സത്കാരം താറുമാറായി. ജലനിരപ്പ് കൂടിയതിനാല്‍ മലമ്പുഴ, കക്കയം ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി.
കോഴിക്കോട്, പാലക്കാട്, തൃശൂര്‍ ജില്ലകളിലാണ് ഇന്ന് ശക്തമായ മഴയാണ് ലഭിച്ചത്. കോഴിക്കോട് രണ്ട് പേര്‍ മുങ്ങി മരിച്ചു. കോഴിക്കോട് ചെറുവണ്ണൂര്‍ അറക്കല്‍പാടത്ത് പതിമൂന്നുകാരന്‍ മുഹമ്മദ് മിര്‍ഷാദാണ് കുളത്തില്‍ വീണ് മരിച്ചത്. എടച്ചേരിയില്‍ പായല്‍ നിറഞ്ഞ കുളത്തില്‍ വീണാണ് ആലിശേരി സ്വദേശി അഭിലാഷിന് ജീവന്‍ നഷ്ടമായത്. നാല്‍പ്പത് വയ്സ്സായിരുന്നു.
കാസർകോട് ശക്തമായ കാറ്റിൽ തെങ്ങ് മറിഞ്ഞുവീണ് വിദ്യാർഥി മരിച്ചു. കന്നഡ ഓൺലൈൻ മാധ്യമമായ ‘ഡൈജിവേൾഡ്’ റിപ്പോർട്ടർ ചേവാർ കൊന്തളക്കാട്ടെ സ്‌റ്റീഫൻ ക്രാസ്‌റ്റയുടെ മകൻ ഷോൺ ആറോൺ ക്രാസ്‌റ്റ(13)ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 2ന് വീട്ടുപറമ്പിലാണ് സംഭവം. അച്ഛനൊപ്പം തൊട്ടടുത്തുള്ള കമുകിൻ തോട്ടത്തിലേക്ക് പോകുമ്പോൾ പെട്ടെന്നുണ്ടായ ശക്തമായ കാറ്റിൽ പറമ്പിലെ തെങ്ങുകൾ പൊട്ടിവീണു. ഷോണിനെ കാണാതെ തിരച്ചിൽ നടത്തിയപ്പോൾ തെങ്ങുകൾക്കടിയിൽ കിടക്കുന്നതാണ് കണ്ടത്.
വയനാട് തോട്ടുമച്ചാല്‍ കാട്ടിക്കൊല്ലിയില്‍ മണ്‍തിട്ട ഇടിഞ്ഞുണ്ടായ അപകടത്തില്‍ തൊഴിലാളിയായ നായ്ക്കപടി കോളനിയിലെ ബാബു മരിച്ചു. കോഴിക്കോട് മാവൂരിലാണ് മഴ ഏറെ ദുരിതം വിതച്ചത്. വിവാഹ സത്കാരം നടക്കുന്ന ഓഡിറ്റോറിയത്തിലേക്ക് വെള്ളം ഇരച്ചു കയറി ഭക്ഷണ സാധനങ്ങള്‍ ഉള്‍പ്പെടെ സര്‍വ്വതും നശിച്ചു.
പാലക്കാടും മഴ ശക്തമാണ്. വൃഷ്ടി പ്രദേശത്ത് മഴ ശക്തപ്പെട്ടതിനാല്‍ മലമ്പുഴ ഡാമിന്‍റെ നാല് ഷട്ടറുകളും തുറന്നു. കല്‍പ്പാത്തിപുഴ, ഭാരതപ്പുഴ എന്നിവിയില്‍ നീരൊഴുക്ക് കൂടാനിടയുണ്ട്. തീരവാസികള്‍ ജാഗ്രത പാലിക്കണം എന്നാണ് നിര്‍ദ്ദേശം. അട്ടപ്പാടി ചുരം റോഡില്‍ വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 19 തിയതിവരെയാണ് നിയന്ത്രണം.
അടുത്ത 5 ദിവസത്തേക്ക് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ജൂലൈ 16: ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
ജൂലൈ 17: ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്
ജൂലൈ 18: ഇടുക്കി, മലപ്പുറം, കാസർകോട്
ജൂലൈ 19: ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട്
ജൂലൈ 20: ഇടുക്കി, എറണാകുളം, മലപ്പുറം