കൊച്ചി: കവളപ്പാറ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സര്‍ക്കാരിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമല്ലെന്ന് ഹൈക്കോടതി. ദുരന്ത ഭൂമി പഴയ നിലയിലാക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്നും അനാസ്ഥ ഇനിയും കണ്ടുനില്‍ക്കാനാകില്ലെന്നും ഹൈക്കോടതി പറഞ്ഞു. പുനരവധിവാസ പ്രവർത്തനങ്ങൾ കാര്യക്ഷമല്ലെന്ന് കാണിച്ച് ദുരന്തബാധിതർ സമർപ്പിച്ച ഹരജിയിലാണ് കോടതി ഇടപെടൽ.
ദുരന്ത ഭൂമി പഴയ നിലയിലാക്കാനായി കാര്യമായ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നടക്കുന്നില്ലെന്ന് വിലയിരുത്തിയ കോടതി മൂന്ന് ചോദ്യങ്ങളും സര്‍ക്കാരിനോടായി ആരാഞ്ഞു. ദുരന്തഭൂമി പഴയ നിലയിലാക്കാന്‍ ഇതുവരെ എന്തുചെയ്തുവെന്നും ദുരന്തത്തിനിരയായവരുടെ കുടുംബങ്ങളുടെ പുനരധിവാസത്തിന് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്നും ഭൂമി പഴയനിലയിലാക്കാന്‍ കഴിയില്ലെങ്കില്‍ എന്തുചെയ്യാന്‍ സാധിക്കുമെന്നുമാണ് കോടതിയുടെ ചോദ്യം.
അങ്ങിങ്ങ് ചില പുനരവധിവാസ പ്രവർത്തനങ്ങൾ നടത്തിയതൊഴിച്ചാൽ മറ്റൊന്നും സർക്കാർ ചെയ്തിട്ടില്ലെന്ന് കോടതി കുറ്റപ്പെടുത്തി. ദുരന്തഭൂമി പഴയ നിലയിലാക്കാനായി സർക്കാർ ഒന്നും ചെയ്യുന്നില്ല. പലവട്ടം സർക്കാരിന്റെ വിശദീകരണം തേടിയിട്ടും കൃത്യമായ മറുപടിയില്ല. ഈ അനാസ്ഥ ഇനിയും കണ്ട് നിൽക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
കേസിൽ റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ സ്വമേധയാ കക്ഷി ചേർത്തു. കേസ് ജൂലൈ 27ന് വീണ്ടും പരിഗണിക്കും.