കൊച്ചി: എം.എം മണിയുടെ പരാമര്‍ശം നാക്കുപിഴയായി കാണേണ്ടെന്ന് കെ.കെ രമ എംഎല്‍എ. മഹതി, വിധവ എന്നീ പദങ്ങള്‍ ഉപയോഗിച്ചത് അധിക്ഷേപിക്കും വിധമാണ്. ആർഎംപി ഉയര്‍ത്തിയ രാഷ്ട്രീയത്തെ ലക്ഷ്യമിട്ടാണ് അധിക്ഷേപം. പരാമര്‍ശം യാതൊരു പ്രകോപനവുമില്ലാതെയാണെന്നും രമ പറഞ്ഞു.
കേവലം ഒരു നാക്കുപിഴയായി എം.എം മണിയുടെ വാക്കുകള്‍ തോന്നുന്നില്ല. സ്വാഭാവിക നാടന്‍ പ്രയോഗമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ വേണ്ടി അദ്ദേഹത്തെ നിയോഗിച്ചതാണ്. സിപിഎം മനഃപൂര്‍വം മണിയെക്കൊണ്ടു തനിക്കെതിരെ പറയിച്ചതാണ്. വിമര്‍ശനം ഉള്‍ക്കൊള്ളാനാവാത്ത അസഹിഷ്ണുതയിലാണ് സിപിഎം നേതൃത്വം. മുഖ്യമന്ത്രി പിണറായി വിജയനോട് പകയില്ല. എന്നാല്‍, ടി.പി.ചന്ദ്രശേഖരനെ കൊന്നത് തെറ്റായെന്ന് എന്നെങ്കിലും സിപിഎം പറഞ്ഞിട്ടുണ്ടോ എന്നും രമ ചോദിച്ചു.
രമയ്ക്കെതിരായ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് എം.എം.മണി പറഞ്ഞു. മഹതി ഒന്നാന്തരം ഭാഷയാണ്. വിധവയല്ലേയെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിനാണ് തന്റെ മറുപടി. നിയമസഭയില്‍ വിമര്‍ശനം കേള്‍ക്കേണ്ടി വരും, ഇനിയും വിമര്‍ശിക്കുമെന്നും മണി പറഞ്ഞു.
വ്യാഴാഴ്ച നിയമസഭയിൽ ധനാഭ്യർഥന ചർച്ചയ്ക്കിടെയാണ് കെ.കെ. രമയ്‌ക്കെതിരേ എം.എം. മണിയുടെ വിവാദ പരാമർശം ഉയർന്നത്. ”ഒരു മഹതി ഇപ്പോൾ പ്രസംഗിച്ചു; മുഖ്യമന്ത്രിക്ക് എതിരേ, എൽ.ഡി.എഫ്. സർക്കാരിന് എതിരേ, ഞാൻ പറയാം ആ മഹതി വിധവയായിപ്പോയി, അത് അവരുടേതായ വിധി, അതിനു ഞങ്ങളാരും ഉത്തരവാദികളല്ല” -എം.എം. മണിയുടെ പരാമർശത്തിനെതിരെ പ്രതിപക്ഷ നിരയിൽ നിന്നും വലിയ വിമർശനമാണ് ഉയർന്നത്. സ്ത്രീത്വത്തെ അപമാനിച്ച എം.എം മണി എം.എൽ.എ മാപ്പ് പറയണമെന്ന് പ്രതിപക്ഷം നിയമസഭയിൽ ആവശ്യപ്പെട്ടു.