കൊല്ലം: മങ്കിപോക്സ് വിഷയത്തിൽ നടത്തിയ വാർത്താ സമ്മേളനം മാധ്യമങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന് കളക്ടറുടെ വിചിത്ര നിർദേശം. കളക്ടർ അഫ്സാന പർവീൻ ആണ് താൻ നടത്തിയ വാർത്താ സമ്മേളനം ദൃശ്യ മാധ്യമങ്ങള്‍ നല്‍കരുതെന്ന് നൽകരുതെന്ന് അറിയിച്ചത്. പിആർഡി വഴിയാണ് കളക്ടർ നിർദേശം നൽകിയത്.
വാനരവസൂരി സ്ഥിരീകരിച്ച രോഗി നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതു സംബന്ധമായുള്ള ഔദ്യോഗിക വിവരങ്ങളും മാർഗനിര്‍ദേശങ്ങളുമുള്‍പ്പെടെ സംസ്ഥാനതലത്തില്‍ ലഭ്യമാക്കും. ഈ സാഹചര്യത്തില്‍ കളക്ടര്‍ നടത്തിയ വാര്‍ത്താ സമ്മേളനം ദൃശ്യ മാധ്യമങ്ങള്‍ നല്‍കരുതെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
മങ്കിപോക്സ് സ്ഥിരീകരിച്ച രോഗിയുടെ വിവരങ്ങള്‍ അറിയിക്കുന്നതില്‍ എന്‍എസ് സഹകരണ ആശുപത്രിക്ക് വീഴ്ച പറ്റിയെന്നാണ് കലക്ടര്‍ പറഞ്ഞത്. എന്നാൽ ഇക്കാര്യം നിഷേധിച്ച് ആശുപത്രി രംഗത്തെത്തിയതോടെയാണ് വാർത്താസമ്മേളനം വാർത്തയാക്കരുതെന്ന് പിആർഡി നിർദേശം വന്നത്.
രോഗി ചികിത്സ തേടിയപ്പോള്തന്നെ മങ്കിപോക്സ് സംശയിച്ചെന്നും ഡപ്യൂട്ടി ഡിഎംഒയെ അറിയിച്ചെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.