രാജ്യത്തിന് സ്വാതന്ത്യം ലഭിച്ച് 75 വർഷം തികയുന്ന ഇക്കൊല്ലം ഓഗസ്റ്റ് 15ന് സംസ്ഥാനത്ത് അവധി റദ്ദാക്കി യുപി സർക്കാർ. സ്കൂളുകൾ, കോളേജുകൾ, സർവകലാശാലകൾ, സർക്കാർ സ്ഥാപനങ്ങൾ, സർക്കാർ ഇതരസ്ഥാപനങ്ങൾ, വ്യാപാരകേന്ദ്രങ്ങൾ എന്നിവ തുറന്ന് പ്രവർത്തിക്കും. രാജ്യത്താദ്യമായാണ് സ്വാതന്ത്ര്യദിനത്തിലെ അവധി ഒരു സംസ്ഥാനം റദ്ദ് ചെയ്യുന്നത്. രാജ്യം 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നവേളയിൽ ഇക്കൊല്ലം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാനത്തൊട്ടാകെ ശുചീകരണ യജ്ഞങ്ങൾ നടത്തുമെന്ന് ചീഫ് സെക്രട്ടറി ഡി എസ് മിശ്ര അറിയിച്ചു. മാത്രമല്ല ഇത് രാജ്യമൊട്ടാകെ നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വതന്ത്രസമരസേനാനികളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ പ്രത്യേകം പരിപാടികൾ നടത്തും. സ്വാതന്ത്ര്യദിനവാരത്തിലെ ഓരോ ദിവസവും പ്രത്യേകം പ്രത്യേകം പരിപാടികൾ ഉണ്ടാവും. സ്വാതന്ത്ര്യദിനാഘോഷത്തെ ഒരു ഔദ്യോഗിക പരിപാടിയായി ഒതുക്കില്ല. എല്ലാ ജനങ്ങളും ഇതിൽ പങ്കുകൊള്ളണം. സാമൂഹ്യസംഘടനകൾ, പൊതുപ്രവർത്തകർ, എൻസിസി, എൻഎസ്ഒ കേഡറ്റുകൾ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങി സമൂഹത്തിലെ നാനാവിഭാഗങ്ങളിലുള്ള ആളുകൾ പരിപാടികളുടെ ഭാഗമാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.