തിരുവനന്തപുരം: മുൻമന്ത്രി എം.എം. മണിയുടെ വിവാദ പരാമർശത്തിൽ പ്രതികരണവുമായി കെ.കെ രമ എം.എൽ.എ. കൊന്നിട്ടും തീരാത്ത പകയാണ് സിപിഐഎമ്മിനെന്ന് കെ.കെ രമ എം.എൽ.എ നിയമസഭയ്ക്ക് പുറത്ത് പ്രതികരിച്ചു. എം.എം. മണിയുടെ പ്രസ്താവന ഖേദകരമാണ്. പരാമർശം തെറ്റായിപ്പോയെന്ന് പോലും സ്പീക്കറോ മുഖ്യമന്ത്രിയോ പറഞ്ഞില്ലെന്നും രമ വ്യക്തമാക്കി.
കെ.കെ. രമയ്ക്കെതിരെ നിയമസഭയിൽ വിവാദ പരാമര്‍ശം നടത്തിയ എം.എം. മണിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയതിന് പിന്നാലെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. എം.എം.മണിയുടെ പ്രസംഗത്തിനെതിരെയാണ് നടപടി.
എം.എം. മണിയുടെ പ്രസ്താവന ക്രൂരവും നിന്ദ്യവുമാണെന്നും പ്രസ്താവന പിന്‍വലിച്ച് അദ്ദേഹം മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ്വി .ഡി. സതീശന്‍ പറഞ്ഞു. പാര്‍ലമെന്ററി സംസ്കാരത്തിന് ചേര്‍ന്നതല്ല ഈ ഇറങ്ങിപ്പോക്കെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ”കെ.കെ. രമയെ അപമാനിച്ചു എന്നാണ് പ്രതിപക്ഷം പറയുന്നത്. എം.എം.മണിയുടെ ഭാഗത്ത് തെറ്റില്ല. മഹതി എന്ന് വിളിച്ചത് അപകീര്‍ത്തികരമല്ല. ഇപ്പോള്‍ സഭയിലെ പുതിയ പ്രവണത പ്രസംഗത്തിന് ശേഷം ഇറങ്ങിപ്പോകലാണ്. പാര്‍ലമെന്ററി സംസ്കാരത്തിന് ചേര്‍ന്നതല്ല ഇത്”. മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.