തിരുവനന്തപുരം: വടകര എം.എൽ.എ കെ.കെ രമയ്‌ക്കെതിരായ മണിയുടെ പ്രസ്താവനയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കെ.കെ രമ വിധവയായതിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് എം.എം മണി വ്യക്തമാക്കിയതെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. പ്രസ്താവനയിൽ അദ്ദേഹത്തിന് തെറ്റുപറ്റിയിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. എം.എം മണിയുടെ മോശം പരാമർശത്തിനെതിരെ പ്രതിപക്ഷത്ത് നിന്നും പ്രതിഷേധം ഉയർന്നതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
മണിയുടെ പ്രസംഗം കേട്ടു. അവർ വിധവയായതിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. മഹതിയെന്നു വിളിച്ചതിലും അപകീർത്തികരമായി ഒന്നുമില്ല. തിരുവഞ്ചൂർ മന്ത്രിയായിരുന്ന കാലത്തെ കാര്യമാണ് പറഞ്ഞത്. അതിലെന്താണ് തെറ്റായിട്ടുള്ളതെന്നും മുഖ്യമന്ത്രി ചോദിച്ചു.
‘ഒരു മഹതി സർക്കാരിന് എതിരെ പ്രസംഗിച്ചു. ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങൾ ആരും ഉത്തരവാദികളല്ല’- എം.എം മണി നിയമസഭയിൽ പറഞ്ഞു. പൊലീസിനെതിരെ കെ.കെ രമ വിമർശനമുന്നയിച്ചപ്പോളാണ് അദ്ദേഹത്തിന്റെ പരാമർശം.
എം.എം മണിയുടെ പരാമർശത്തിനെതിരെ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. എം.എം മണി മാപ്പ് പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ നിർത്തിവെക്കുകയായിരുന്നു. അതേസമയം താൻ ആരെയും അപമാനിച്ചിട്ടില്ലെന്ന് എം.എം മണി വ്യക്തമാക്കി. ആരെയും അപമാനിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്ന് മണി പറഞ്ഞു. തന്റെ വീക്ഷണത്തിൽ തോന്നിയത് പറഞ്ഞതാണെന്നും മണി വ്യക്തമാക്കി.