രാജ്യത്ത് ഏറ്റവും കുറഞ്ഞ ശമ്പളം ലഭിക്കുന്നത് കേരളത്തിലെ എംഎൽഎ മാർക്കോ?

രാജ്യത്ത് എംഎൽഎമാർക്ക് ഏറ്റവും കുറഞ്ഞ ശമ്പളം നൽകുന്ന സംസ്ഥാനം കേരളം ആണ് എന്ന് അവകാശപ്പെടുന്ന ചില പോസ്റ്റുകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചാരത്തിലുണ്ട്. എന്നാൽ ഇത്തരം പോസ്റ്റുകൾ തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണ്. എംഎൽഎമാർക്ക് ഏറ്റവും കുറഞ്ഞ ശമ്പളം നൽകുന്ന സംസ്ഥാനം കേരളം അല്ല. കേരള സർക്കാരിന്റെ നിയമസഭാ വെബ്സൈറ്റ് പ്രകാരം കേരളത്തിലെ എംഎൽഎമാർക്ക് ഒരു മാസം ലഭിക്കുന്ന അടിസ്ഥാന ശമ്പളം 2000 രൂപയാണ്. അലവൻസുകൾ ഉൾപ്പെടുത്തിയാൽ മാസശമ്പളം 70,000 രൂപയാണ്.

എന്നാൽ  പ്രതിമാസ ശമ്പളം 70,000 ത്തിന് താഴെ നൽകുന്ന മറ്റു സംസ്ഥാനങ്ങൾ ഇന്ത്യയിലുണ്ട്. ഒഡീഷ, മേഘാലയ, പുദുച്ചേരി, അരുണാചൽ പ്രദേശ്, മിസോറാം, ആസാം, മണിപ്പൂർ, നാഗാലാ‌ൻഡ്, ത്രിപുര എന്നിവയാണ് ഈ സംസ്ഥാനങ്ങൾ. എംഎൽഎമാർക്ക് ഏറ്റവും കൂടുതൽ ശമ്പളം നൽകുന്ന സംസ്ഥാനം തെലുങ്കാനയും കുറഞ്ഞ ശമ്പളം നൽകുന്ന സംസ്ഥാനം ത്രിപുരയും ആണ്. താഴെ നൽകിയിരിക്കുന്ന ചാർട്ടിൽ ഇന്ത്യയിലെ ഓരോ സംസ്ഥാനത്തെയും എംഎൽഎമാരുടെ  ശമ്പളം കൃത്യമായി നൽകിയിട്ടുണ്ട്. പോസ്റ്റിൽ പറയുന്നതുപോലെ ഇന്ത്യയിൽ തൊഴിലാളികൾക്ക് ഏറ്റവും കൂടുതൽ മിനിമം ദിവസവേതനം (670 രൂപ) നൽകുന്നത് കേരളമാണ്. മറ്റു വലിയ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ എംഎൽഎമാർക്ക് ശമ്പളം കുറവാണെങ്കിലും എംഎൽഎമാർക്ക് ഏറ്റവും കുറവ് ശമ്പളം നൽകുന്നത് കേരളമല്ല എന്ന് ഇതോടെ വ്യക്തമാണ്. 

Tags: Fake News

Latest News