ഇ-ബുൾ ജെറ്റ് സഹോദരങ്ങൾ വാങ്ങിയ പുതിയ കാരവാനിനു മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്.ആർടിഒയുടെ കസ്റ്റഡിയിൽ നിന്നും തങ്ങളുടെ പഴയ വാഹനം കിട്ടാതെ വന്നതോടെ പുതിയൊരു കാരവാന്‍ ഇവര്‍ വാങ്ങിയിരുന്നു. എന്നാൽ പുതിയ കാരവാനിലും ചട്ടലംഘനം നടത്തി രൂപമാറ്റം വരുത്തരുതെന്നാണ് ആർടിഒ നൽകിയ മുന്നറിയിപ്പ്. ഇനി അതല്ല, പഴയതുപോലെ രൂപമാറ്റം വരുത്തുവാനാണ് പദ്ധതിയെങ്കിൽ ഈ വാഹനം പിടികൂടുമെന്നാണ് ആർടിഒ നൽകിയ മുന്നറിയിപ്പ് . നിയമം അനുശാസിക്കുന്ന രീതിയിൽ മാത്രമേ കാരവാനുകൾ ഉപയോഗിക്കുന്നവെന്ന് ഉറപ്പാക്കുമെന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ലക്ഷക്കണക്കിന് ആരാധകരുള്ള യൂട്യൂബ് വ്ളോഗർമാരാണ് ഇ-ബുൾജെറ്റ് സഹോദരങ്ങൾ. കണ്ണൂര്‍ കിളിയന്തറ സ്വദേശികളും സഹോദരങ്ങളുമായ ലിബിനും എബിനുമാണ് ഇ- ബുൾ ജെറ്റ് സഹോദരങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നത്. നെപ്പോളിയന്‍ എന്ന വാനില്‍ ഇന്ത്യ മുഴുവന്‍ ഇവർ സഞ്ചരിക്കുകയും ചെയ്തിരുന്നു. നിറവും രൂപവും മാറ്റിയ ഇവരുടെ നെപ്പോളിയന്‍ എന്ന വാന്‍ ആർടിഒയുടെ പിടിച്ചെടുത്തതും തുടർന്നുള്ള സംഭവങ്ങളും വലിയ വാർത്തയായിരുന്നു .