കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡിന്‍റെ ഫൊറൻസിക് ഫലം പുറത്ത്. 2021 ജൂലൈ 19 ന് ഉച്ചയ്ക്ക് 12.19 മുതൽ 12: 54 വരെയുളള സമയത്താണ് മെമ്മറി കാർഡ് അവസാനമായി പരിശോധിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിവോ ഫോണില്‍ കാര്‍ഡിട്ടാണ് പരിശോധിച്ചത്.
വാട്ട്സാപ്പ്, ടെലിഗ്രാം അടക്കമുളള സാമുഹ്യമാധ്യമങ്ങൾ ഉപയോഗിക്കുന്ന ഫോണിലാണ് മെമ്മറി കാർഡ് ഇട്ടതെന്നും പരിശോധനാ ഫലത്തിലുണ്ട്. എട്ട് വീഡിയോ ഫയലുകളാണ് മെമ്മറി കാർഡിലുള്ളത്. 2018 ജനുവരി 9 ന് കംപ്യൂട്ടറിലാണ് ഈ മെമ്മറി കാർഡ് ആദ്യം പരിശോധിച്ചത്. 2018 ഡിസംബർ 13നും ഹാഷ് വാല്യൂ മാറിയതായി പരിശോധനാ ഫലത്തിലുണ്ട്.
മെമ്മറി കാർഡിന്റെ ഹാഷ് വാല്യുവിൽ മൂന്ന് പ്രാവശ്യം മാറ്റം വന്നതായി പരിശോധനയിൽ കണ്ടെത്തി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിൽ വെച്ചും ജില്ലാകോടതിയുടെ കൈവശം ഇരിക്കുമ്പോഴും വിചാരണക്കോടതിയുടെ കൈവശം ഉള്ളപ്പോഴുമാണ് ഹാഷ് വാല്യുമാറിയത്. മെമ്മറി കാർഡിന്റെ ഹാഷ് വാല്യു പരിശോധിക്കണമെന്ന ആവശ്യം വിചാരണക്കോടതി നേരത്തെ നിരസിച്ചിരുന്നു. പിന്നീട് സുപ്രിംകോടതിയാണ് പരിശോധനക്ക് അനുമതി നൽകിയത്.
തുടരന്വേഷണ സമയപരിധി അവസാനിക്കാനിരിക്കെ കേസില്‍ വഴിത്തിരിവായേക്കാവുന്ന നിര്‍ണായക വിവരത്തിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണ സമയം നീട്ടി നൽകണമെന്ന് ക്രൈംബ്രാഞ്ച് സംഘം ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. വെള്ളിയാഴ്ചയാണ് തുടരന്വേഷണം പൂര്‍ത്തിയാക്കി അനുബന്ധകുറ്റപത്രം സമര് പ്പിക്കേണ്ടത്.
തിരുവനന്തപുരം സംസ്ഥാന ഫോറന്‍സിക് സയന്‍സ് ലാബില്‍നിന്നുള്ള ഹാഷ് വാല്യു പരിശോധനാ റിപ്പോര്‍ട്ട് സീല്‍വച്ച കവറില്‍ വിചാരണക്കോടതിക്ക് ലഭി ച്ചു. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പ്രോസിക്യൂഷനും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ചിനാണ് പ്രോസിക്യൂഷന്റെ ആവശ്യത്തെ തുടര്‍ന്ന് മെമ്മറി കാര്‍ഡ് വീണ്ടും പരിശോ ധിക്കാന് ഹൈക്കോടതി അനുമതി നല്‍കിയത്.