അടുത്തിടെയാണ് വിമാനയാത്രയ്ക്കിടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോണ്‍ഗ്രസുകാരുടെ പ്രതിഷേധമുണ്ടായത്. ആ സംഭവത്തിന്റെ അലയൊലികള്‍ കെട്ടടങ്ങും മുന്‍പേ സമൂഹമാധ്യമങ്ങളില്‍ മറ്റൊരു വിമാനയാത്രാ പ്രതിഷേധം ചര്‍ച്ചയാണ്. വിദേശ യാത്രയ്ക്കിടെ രാഹുല്‍ഗാന്ധിക്കെതിരെ പ്രതിഷേധിക്കുന്ന കാശ്മീരി പണ്ഡിറ്റ് വനിതകള്‍ എന്നാണ് ഇതിനൊപ്പമുള്ള വിശദീകരണം. ‘വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ രാഹുല്‍ ഗാന്ധിയെ വളഞ്ഞു വിദേശത്തുള്ള കാശ്മീരി പണ്ഡിറ്റുകള്‍ #കാശ്മീര്‍ കാര്യത്തില്‍ മോദിയെ എതിര്‍ക്കുന്നതെന്തിനെന്ന് ചോദ്യം……? രാഹുല്‍ ഗാന്ധിക്ക്. ഉത്തരം നല്കാന് കഴിഞ്ഞില്ല……’ എന്നു തുടങ്ങുന്ന പോസ്റ്റാണ് പ്രചരിക്കുന്നത്. എന്നാല്‍, പ്രചരിക്കുന്ന ഈ വാദം തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഇത് രാഹുല്‍ ഗാന്ധിക്കെതിരെ നടന്ന പ്രതിഷേധമല്ല. വിമാനത്തില്‍ വച്ചെടുത്തത് എന്നു തോന്നുന്ന 29 സെക്കന്റുള്ള ഒരു വീഡിയോയാണ് പ്രചരിക്കുന്നത്. ഇതില്‍ ഒരു സ്ത്രീ രാഹുല്‍ ഗാന്ധിയോട് വൈകാരികമായി സംസാരിക്കുന്നത് കാണാനാകും. ‘അവര്‍ ചെറിയ കുട്ടികളാണ്, ഞങ്ങള്‍ക്ക് അവരെ കാണണം. എന്റെ സഹോദരന് ഒരു ഹൃദ്രോഗിയാണ്, അദ്ദേഹം സ്വന്തം മക്കളെ അന്വേഷിച്ച് നടക്കുകയാണ്, കഴിഞ്ഞ 10 ദിവസമായി അവന് എവിടെയാണെന്ന് ഞങ്ങള്‍ക്ക് അറിയില്ല, ഞങ്ങള്‍ ആകെ കുഴപ്പത്തിലാണ്.’ എന്നാണ് സ്ത്രീ ഹിന്ദിയില്‍ രാഹുല്‍ ഗാന്ധിയോട് പറയുന്നത്. വളരെ വ്യക്തത കുറഞ്ഞ വീഡിയോ ആണിത്.
യഥാര്‍ഥ സംഭവം അറിയുന്നതിന് വീഡിയോയുടെ കീ ഫ്രെയ്മുകള് പരിശോദിച്ചു. ഇതില്‍ നിന്ന് സംഭവം 2019ലേതാണെന്നും രാഹുല്‍ ഗാന്ധിക്കെതിരെ നടന്ന പ്രതിഷേധമല്ലെന്നും വ്യക്തമായി. പ്രിയങ്ക ഗാന്ധി പങ്കുവച്ച ഒരു ട്വിറ്റര്‍ സന്ദേശം ലഭ്യമായി. ‘ദേശീയതയുടെ പേരില്‍ നിശബ്ദരാക്കപ്പെടുന്ന, തകര്‍ക്കപ്പെടുന്ന ലക്ഷക്കണക്കിന് പേരില്‍ ഒരാളാണിത്. പ്രതിപക്ഷം വിഷയം രാഷ്ട്രീയ വത്ക്കരിക്കുന്നു എന്നു പറയുന്നവര്ക്കാണിത് ‘ എന്ന കുറിപ്പിനൊപ്പം പ്രിയങ്ക പങ്കുവച്ചത് മാധ്യമ പ്രവര്ത്തകന് അരുണ്‍കുമാര്‍ സിംഗിന്റെ ട്വീറ്റാണ്. ‘ശ്രീനഗറില്‍ നിന്ന് തിരികെ പോകുന്ന വിമനത്തില്‍ ഉണ്ടായിരുന്ന വനിത രാഹുല്‍ ഗാന്ധിയോട് തങ്ങളുടെ സങ്കടം വിവരിക്കുന്നു ‘എന്നാണ് അരുണ്‍ കുമാര്‍ സിംഗ് എഴുതിയിട്ടുള്ളത്.
श्रीनगर से वापस आते वक्त फ्लाइट में एक महिला @RahulGandhi से अपनी मुश्किल बताते हुए। pic.twitter.com/f8mzgaskhx
— Arun Kumar Singh (@arunsingh4775) August 24, 2019
രാഹുല്‍ ഗാന്ധി, ഗുലാം നബി ആസാദ് തുടങ്ങി പ്രതിപക്ഷത്തെ 12 നേതാക്കളാണ് 2019 ഓഗസ്റ്റ് 24ന് കശ്മീര്‍ സന്ദര്‍ശിക്കാന്‍ എത്തിയത്. എന്നാല്‍ ശ്രീനഗറിലെത്തിയ ഇവരെ ഇറങ്ങാന്‍ അനുവദിക്കാതെ അതേ വിമാനത്തില്‍ തന്നെ മടക്കി അയച്ചു. ഈ യാത്രയിലാണ് വിമനത്തിലുണ്ടായിരുന്ന സ്ത്രീകള്‍ രാഹുല്‍ ഉള്‍പ്പെടുന്ന സംഘത്തോട് തങ്ങളുടെ സങ്കടം പറയാന്‍ എത്തിയത്. ഇതോടെ പ്രചരിക്കുന്ന വീഡിയോ 2019ല്‍ കശ്മീരില്‍ നിന്ന് എടുത്തതാണെന്നും വീഡിയോയിലുള്ള വനിത രാഹുലിനെതിരെ പ്രതിഷേധിക്കുകയല്ലെന്നും അവരുടെ സങ്കടം പറയുകയാണെന്നും വ്യക്തമാണ്.