തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ഇന്നത്തെ പ്രസ്താവന അത്ഭുതപ്പെടുത്തി കളഞ്ഞുവെന്ന് മന്ത്രി പി രാജീവ്. പ്രശ്നങ്ങളെ രാഷ്ട്രീയമായി കാണുകയാണ് സതീശനിൽ നിന്ന് പ്രതീക്ഷിക്കുന്നത്. താൻ ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ എവിടെയും ഹിന്ദുഐക്യവേദി എന്ന പദം പോലും പരാമർശിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഹിന്ദു ഐക്യവേദി നേതാവ് തന്റെ വീട്ടിലേയും ഓഫീസിലേയും സ്ഥിരം സന്ദർശകനാണെന്ന് പറഞ്ഞ വിഡി സതീശനെ അത് തെളിയിക്കാൻ വെല്ലുവിളിക്കുന്നു. പ്രശ്നങ്ങളെ പക്വതയോടെ കാണണം. നിലവാരത്തോടെ പ്രതികരിക്കണം. തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പ് മത്സരം വ്യക്തികളുടേതായിരുന്നില്ല, രാഷ്ട്രീയമായിരുന്നു. എന്നാൽ പ്രതിപക്ഷ നേതാവ് അദ്ദേഹത്തിന്റെ വ്യക്തിപരമായ മത്സരമായാണ് അതിനെ കണ്ടതെന്ന് തോന്നുന്നു. അങ്ങിനെയാണോ കോൺഗ്രസിന്റെ ഒരു നേതാവ് പ്രതികരിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
















