വ്യക്തിപരമായ സന്ദര്‍ശനത്തിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി യൂറോപ്പിലേക്ക്. രാഷ്ട്രപതി തെരഞ്ഞെടുപ്പിനും പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിനും മുന്നോടിയായി ഞായറാഴ്ച രാഹുൽ ഗാന്ധി തിരിച്ചെത്തിയേക്കും. അതേസമയം, കോൺഗ്രസ് പാർട്ടിയുടെ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച നടക്കുന്ന യോഗത്തിൽ അദ്ദേഹം പങ്കെടുക്കില്ല. എന്നാൽ രാഹുലിന്റെ യാത്രയെക്കുറിച്ച് കോൺഗ്രസ് പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായുള്ള തുടര്‍ച്ചയായ പരാജയങ്ങളും ഗോവയിലെ കൂറുമാറ്റം തടയാന്‍ പാര്‍ട്ടിക്ക് കഴിയാതെ വന്ന സാഹചര്യത്തിനുമിടയിലെ രാഹുലിന്റെ യാത്രകള്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവയ്ക്കുന്നുണ്ട്. മെയ് ആദ്യത്തിൽ രാഹുൽ ഗാന്ധിയുടെ നേപ്പാൾ യാത്ര വിവാദമായിരുന്നു. നേപ്പാളിലെ കാഠ്മണ്ഡുവിലെ ഒരു നിശാക്ലബിൽ അദ്ദേഹത്തിന്റെ ചിത്രം ബിജെപി പുറത്തുവിട്ടിരുന്നു. എന്നാൽ മാധ്യമപ്രവർത്തകന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് രാഹുൽ എത്തിയതെന്നും അതിൽ തെറ്റില്ലെന്ന് കോൺഗ്രസ് പറഞ്ഞു.