ആദിവാസി ഭൂമി കൈയ്യേറിയ കേസില്‍ പ്രതിയായ എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന്റെ ജാമ്യാപേക്ഷ കോടതി തള്ളി. അജി കൃഷ്ണനെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഇന്നലെ രാത്രി പത്ത് മണിയോടെ അഗളി ഡിവൈഎസ്പി ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലാണ് അജി കൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഷോളയൂര്‍ വട്ടുലക്കിയിലെത്തിയ അജികൃഷ്ണനും സംഘവും ആദിവാസി വിഭാഗത്തില്‍പ്പെട്ട രാമനേയും, ബന്ധുക്കളെയും ഭീഷണിപ്പെടുത്തി ഭൂമി കയ്യേറിയെന്നാണ് ഷോളയൂര്‍ പൊലീസിന് ലഭിച്ച പരാതി. മാരകായുധങ്ങളുമായി അജി കൃഷ്ണന്റെയും ജോയ് മാത്യുവിന്റെയും നേതൃത്വത്തില്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്നും, കുടിലിന് തീ വച്ചെന്നും പരാതിയില്‍ പറയുന്നു.
2021 ജൂണ്‍ 23നാണ് കേസിനാസ്പദമായ സംഭവം. നിലവില്‍ അജി കൃഷ്ണന്‍ ഉള്‍പ്പെടെ ആറ് പ്രതികളാണ് കേസില്‍ ഉള്ളത്. ഇവര്‍ക്കെതിരെ പട്ടിക വര്‍ഗ / പട്ടികജാതി അക്രമണ നിരോധന നിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷോളയൂര്‍ പൊലീസ് അജി കൃഷ്ണനെ അറസ്റ്റ് ചെയ്തത്. മുമ്പും സംഘം സമാന രീതിയില്‍ ആദിവാസികളുടെ ഭൂമി എച്ച്ആര്‍ഡിഎസ് തട്ടിയെടുത്തതായും പരാതിയുണ്ട്.