പാലക്കാട് പോക്സോ കേസിൽ വിചാരണ തുടങ്ങാനിരിക്കെ പ്രതികൾ തട്ടിക്കൊണ്ടുപോയ അതീജിവിതയെ കണ്ടെത്തി. പ്രത്യേക അന്വേഷണ സംഘമാണ് ഗുരുവായൂരിൽ നിന്ന് മാതാപിതാക്കൾക്കൊപ്പം കുട്ടിയെ കണ്ടെത്തിയത്.
ഞായറാഴ്ച വൈകീട്ടാണ് 11കാരിയായ പെൺകുട്ടിയെ പ്രതിയായ ചെറിയച്ഛനും സംഘവും തട്ടിക്കൊണ്ടു പോയത്.ഈ മാസം 16ന് കേസിന്റെ വിചാരണ തുടങ്ങാനിരിക്കെയാണ് അതീജിവിതയെ പ്രതിയായ ചെറിയച്ഛനും അടുത്ത ബന്ധുക്കളും ചേർന്ന് തട്ടിക്കൊണ്ടുപോയത്. മുത്തശിയുടെ വീട്ടിലായിരുന്നു കുട്ടി.
പ്രതിക്ക് അനുകൂലമായി മൊഴിമാറ്റാനാണ് തട്ടിക്കൊണ്ടുപോയത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ എത്തിയ കാറിന്റെ നമ്പർ പ്ലേറ്റ് മറിച്ചിരുന്നു. പ്രതികളെ സഹായിക്കാൻ ബൈക്കിൽ എത്തിയവരെ അന്വേഷിച്ചെങ്കിലും നമ്പർ പ്ലേറ്റ് വ്യാജമാണെന്ന് കണ്ടെത്തി. സംഭവങ്ങളുടെ സിസിടിവി പൊലീസിന് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.