പാലക്കാട്: എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തത് പ്രതികാര നടപടിയുടെ ഭാഗമെന്ന് ആരോപണം. മുഖ്യമന്ത്രി അടക്കമുള്ള പ്രമുഖരെ പ്രതിരോധത്തിലാക്കിയ സ്വപ്ന സുരേഷിന് ജോലി കൊടുത്തതിന്‍റെ പകവീട്ടലിന്‍റെ ഭാഗമായിട്ടാണ് സെക്രട്ടറി അജി കൃഷ്ണനെ പൊലീസ് കള്ള കേസ്സിൽ കുടുക്കി അറസ്റ്റ് ചെയ്ത് എന്നാണ് എച്ച്ആര്‍ഡിഎസിന്‍റെ വിമര്‍ശനം. ആദിവാസികളെ കയ്യേറ്റം ചെയ്യുകയും ഭൂമി തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയില്‍ ഇന്നലെയാണ് പാലക്കാട് ഷോളയാർ പൊലീസ് അജി കൃഷ്ണനെ അറസ്റ്റ് ചെയ്തത്. രാവിലെ 11 മണിയ്ക്ക് അജി കൃഷ്ണനെ മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കും.
സർക്കാരിനെതിരെ ശബ്ദിക്കുനവരെ നിശബ്ദരാക്കാനുള്ള പ്രതികാര നടപടികൾ തുടരുന്നതിന്‍റെ ഒടുവിലത്തെ ഇരയാണ് അജി കൃഷ്ണനെന്ന് എച്ച്ആര്‍ഡിഎസ് പ്രസ്താവനയില്‍ പറയുന്നു. ഇന്നലെ രാത്രി അട്ടപ്പാടിയിൽ വച്ച് അജി കൃഷ്ണനെ അറസ്റ്റ് ചെയ്തത് ഉന്നത ഗൂഢാലോചനയുടെ ഭാഗമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള കർശന നിർദ്ദേശത്തിന്റെ ഭാഗമായാണ് അറസ്റ്റെന്നും എച്ച്ആര്‍ഡിഎസ് ആരോപണം ഉയർത്തുന്നു.