മുംബൈ: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മുവിനെ പിന്തുണയ്ക്കണമെന്ന ആവശ്യമുന്നയിച്ച് 16 ശിവസേനാ എം.പിമാര്‍. മഹാരാഷ്ട്രാ മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് 16 എം.പിമാര്‍ ഈ ആവശ്യം ഉന്നയിച്ചത്.
ഗോത്രവര്‍ഗ വിഭാഗത്തില്‍പ്പെട്ട വനിത എന്ന നിലയില്‍ മുര്‍മുവിനെ പിന്തുണയ്ക്കണമെന്ന ആവശ്യമാണ് 16 സേനാ എംപിമാര്‍ യോഗത്തില്‍ മുന്നോട്ടുവച്ചതെന്ന് യോഗത്തിനുശേഷം ഗജാനന്‍ കീര്‍ത്തികര്‍ എം.പി മാധ്യമങ്ങളോട് പറഞ്ഞു.
‘മുര്‍മു എന്‍ഡിഎ സ്ഥാനാര്‍ഥിയാണ്. പക്ഷെ അവര്‍ ഗോത്രവര്‍ഗ വിഭാഗത്തില്‍നിന്ന് ഉള്ളവര്‍ ആയതിനാലും വനിത ആയതിനാലും അവരെ പിന്തുണയ്ക്കണമെന്ന ആവശ്യമാണ് സേനാ എംപിമാര്‍ മുന്നോട്ടുവച്ചത്’ – കീര്‍ത്തികര്‍ പറഞ്ഞു.
രണ്ട് എംപിമാര്‍ യോഗത്തിന് എത്തിയില്ല. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ യുപിഎയുടെ പ്രതിഭാ പാട്ടീലിനെയും പ്രണബ് മുഖര്‍ജിയേയും പാര്‍ട്ടി മുമ്പ് പിന്തുണച്ചിട്ടുണ്ട്. രാഷ്ട്രപതി തിരഞ്ഞെടുപ്പിനെ രാഷ്ട്രീയത്തിന് അതീതമായാണ് കാണേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.