കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതിക്കേസിൽ സ്വർണക്കളളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും. രാവിലെ പത്തിന് കൊച്ചിയിലെ സിബിഐ ഓഫീസിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാന സർക്കാരിന്‍റെ ലൈഫ് മിഷൻ പദ്ധതിയിൽപ്പെടുത്തി വടക്കാഞ്ചേരിയിൽ ഫ്ലാറ്റ് സമുച്ചയം പണിതതിൽ അഞ്ചുകോടിയോളം രൂപയുടെ കോഴ ഇടപാട് നടന്നെന്നാണ് ആരോപണം. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ, യുഎഇ കോൺസുലേറ്റിലെ പ്രമുഖർ എന്നിവർക്കെല്ലാം അഴിമതിയിൽ പങ്കുണ്ടെന്നാണ് സിബിഐ കണക്കുകൂട്ടുന്നത്. ഇടപാടിന് ഇടനില നിന്നത് സ്വപ്ന സുരേഷാണെന്നാണ് എഫ് ഐ ആറിൽ ഉളളത്.
കേസിൽ സിബിഐ അന്വേഷണത്തിന് എതിരെ ലൈഫ് മിഷൻ സിഇഒ യു.വി ജോസ്, സന്തോഷ് ഈപ്പൻ എന്നിവർ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ അന്വേഷണവുമായി മുന്നോട്ടുപോകാൻ കോടതി അനുമതി നൽകിയതിനെ തുടർന്നാണ് സിബിഐ വീണ്ടും അന്വേഷണം ആരംഭിച്ചത്.