മന്ത്രി പദം രാജിവെച്ച സജി ചെറിയാന്റെ തീരുമാനം ഉചിതവും സന്ദര്‍ഭോചിതവുമായ നടപടിയെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി നിലപാടിന്റെ കൂടി അടിസ്ഥാനത്തിലാണ് രാജിയെന്നും പകരം മന്ത്രി തല്‍ക്കാലം ഇല്ലെന്നും കോടിയേരി പറഞ്ഞു.
ഈ സംഭവം ദൂരവ്യാപകമായി ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും രാജിവെച്ചതോടെ ആ പ്രശ്നങ്ങളെല്ലാം ഇപ്പോള്‍ അപ്രസക്തമായിരിക്കുകയാണ്. സജി ചെറിയാന്‍ പറഞ്ഞതെല്ലാം ശരിയായിരുന്നെങ്കില്‍ പിന്നെ അദ്ദേഹം രാജിവെക്കേണ്ട എന്നനിലപാടല്ലേ പാര്‍ട്ടി പറയുകയെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
വകുപ്പുകള്‍ കൈമാറുന്നതില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കും. പുതിയ മന്ത്രിയുടെ കാര്യമോ മന്ത്രിസഭാ വികസനമോ ഇപ്പോള്‍ ചര്‍ച്ചചെയ്തിട്ടില്ല. ഭരണഘടന അംഗീകരിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് സിപിഎം. തന്റെ പ്രസംഗത്തില്‍ ചില വീഴ്ചകള്‍ സംഭവിച്ചുവെന്ന് മനസ്സിലാക്കിയ സജി ചെറിയാന്‍ പെട്ടെന്ന് തന്നെ രാജിവെക്കാന്‍ സന്നദ്ധമായി. ഉന്നതമായ ജനാധിപത്യ മൂല്യമാണ് അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചത്. ഒരു മാതൃക കൂടിയാണ് അദ്ദേഹം സ്വീകരിച്ചതെന്നും കോടിയേരി പറഞ്ഞു.