സര്‍ക്കാര്‍ സ്കൂളുകളിലെ സൗജന്യ ഉച്ചഭക്ഷണ പദ്ധതി വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന ഒന്നാണ്. മുന്‍പ് കഞ്ഞിയും പയറും നല്‍കിയിരുന്ന പദ്ധതി വിപുലീകരിച്ച് ചോറും കറികളുമാക്കി മാറ്റിയിരുന്നു. ഇതോടൊപ്പം മുട്ടയും പാലും ഒക്കെ ഉള്‍പ്പെടുത്തി പോഷക സമൃദ്ധമാക്കുകയും ചെയ്തിട്ടുണ്ട്. ഒന്നു മുതല്‍ എട്ടു വരെയുള്ള ക്ലാസിലെ കുട്ടികള്‍ക്കാണ് ഇപ്പോള്‍ ഉച്ചഭക്ഷണം നല്‍കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെയാണ് സംസ്ഥാനം പദ്ധതി നടപ്പാക്കുന്നത്. ഉച്ചഭക്ഷണ പദ്ധതിക്കുള്ള പണം സ്കൂളുകളിലേക്കല്ല ഇനി വിദ്യാര്‍ഥികളുടെ അക്കൗണ്ടിലേക്ക് നേരിട്ട് എത്തിക്കും എന്ന് അവകാശപ്പെട്ട് ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ സജീവമായി പ്രചരിക്കുന്നുണണ്ട്. ‘സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതി പണം വിദ്യാര്‍ഥികളുടെ അക്കൗണ്ടിലേക്ക് നേരിട്ട് വിതരണം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ പിണറായി അടിച്ചുമാറ്റും മുന്‍പ് എല്ലാവരിലേക്കും എത്തിക്കുക. ‘എന്നുള്ള കുറിപ്പോടുകൂടിയാണ് പോസ്റ്റർ പ്രചരിക്കുന്നത്. എന്നാല്‍, പ്രചരിക്കുന്ന വാദം തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണ്. കേരളത്തിലെ സ്കൂളുകളില്‍ ഇപ്പോഴും ഉച്ചഭക്ഷണ പദ്ധതി സ്കൂളുകള്‍ വഴി തന്നെയാണ് നടത്തുന്നത്.
പ്രചരിക്കുന്ന പോസ്റ്റിൽ സ്കൂള്‍ ഉച്ചഭക്ഷണ(മിഡ് ഡെ മീല്‍-MDM) പദ്ധതിയെപ്പറ്റി അന്വേഷിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ അതത് സംസ്ഥാന വിദ്യാഭ്യാസ വകുപ്പാണ് പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്നത്. ഈ അധ്യയന വര്‍ഷം മുതല്‍ പിഎം പോഷന്‍ എന്ന് പുനര്‍നാമകരണം ചെയ്ത പദ്ധതിക്കായി 10,233.75 കോടി രൂപയാണ് ഇത്തവണ ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. ഉച്ച ഭക്ഷണത്തിനുള്ള പണം കുട്ടികളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിന് കേന്ദ്രം തീരുമാനമെടുത്തിരുന്നോ എന്ന കാര്യം പിന്നീട് അന്വേഷിച്ചു. ഇതുസംബന്ധിക്കുന്ന മാധ്യമ വാര്‍ത്തകള്‍ കണ്ടെത്താനായി. 2021ലാണ് ഈ വാര്‍ത്തകള്‍ വന്നിട്ടുള്ളത്. ഇതു പ്രകാരം കോവിഡ് സാഹചര്യത്തില്‍ സ്കൂള്‍ അടച്ചിട്ടിരുന്നതിനാല്‍ ഉച്ചഭക്ഷണ പദ്ധതി കൃത്യമായി നടപ്പാക്കാനായിരുന്നില്ല. അതിനാല്‍ ഇതിനുള്ള പണം കുട്ടികളുടെയോ രക്ഷിതാക്കളുടെയോ അക്കൗണ്ടിലേക്ക് എത്തിച്ച് നല്കാന് കേന്ദ്രം തീരുമാനമെടുത്തിരുന്നുവെന്ന് പറയുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ സ്കൂളുകള്‍ തുറന്ന് വിദ്യാഭ്യാസം സുഗമമായി നടക്കുന്നതിനാല്‍ ഇത്തരമൊരു സാഹചര്യം ഉണ്ടാകാനിടയില്ല. ഈ അധ്യയന വര്‍ഷം ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോള്‍ സ്കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കുന്നുണ്ടെന്ന് വിവിധ സ്കൂളുകളില്‍ നിന്ന് ഉറപ്പിക്കാനായി. ഇതോടെ പ്രചരിക്കുന്ന സന്ദേശം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി.