കാസർഗോഡ്: മഴ ശക്തമാകുന്ന സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. മൂന്നു ദിവസമായി കനത്ത മഴ തുടരുകയും ജില്ലയിലെ പുഴകളും മറ്റു ജലാശയങ്ങളും കരകവിഞ്ഞൊഴുകുകയും ചെയ്യുന്ന സാഹചര്യത്തിലാണു നടപടി.
അങ്കണവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ സിബിഎസ്ഇ, ഐസിഎസ്ഇ ഉൾപ്പടെയുള്ള സ്കൂളുകൾക്കും മദ്രസകൾക്കും പ്രൊഫഷണൽ കോളജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് ജില്ലാ കളക്ടർ അവധി നൽകിയത്.
അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കണമെന്നും ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടാകില്ല. കാസർകോട് ജില്ലയിൽ വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിൽ അതിശക്തമായ മഴയും (119.5 എംഎം), മറ്റ് താലൂക്കുകളിൽ ശക്തമായ മഴയും ഇന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.