തമിഴ്നാടിനെ വിഭജിക്കണമെന്ന ആവശ്യവുമായി വീണ്ടും ബിജെപി സംസ്ഥാന ഘടകം. തമിഴ്നാട്ടിലെ ബിജെപി എംഎൽഎയായ നെെനർ നാഗേന്ദ്രനാണ് ഈ ആവശ്യം ഉന്നയിച്ചത്.തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പ് കാലത്തെ വാഗ്ദാനങ്ങൾ ഡിഎംകെ പാലിക്കാത്തതിനാൽ ബിജെപി സംസ്ഥാനത്തുടനീളം നിരാഹാര സമരങ്ങളും പ്രകടനങ്ങളും നടത്തിവരുന്നതിന്റെ ഭാഗമായി പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്യുന്ന വേളയിലാണ് ബിജെപി നേതാവ് സംസ്ഥാനത്തെ വിഭജിക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ചത്.
തമിഴ്നാടിനെ രണ്ടായി വിഭജിച്ചാൽ ഭരണ സൗകര്യം ഉണ്ടാകുമെന്നും വിഭജനത്തിലൂടെ കൂടുതൽ കേന്ദ്രഫണ്ട് ജനങ്ങളിലേക്കെത്തുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ തമിഴ്നാടിനു സ്വയംഭരണാവകാശം വേണമെന്നും ഇല്ലെങ്കിൽ പ്രത്യേക തമിഴ് രാജ്യമെന്ന ആവശ്യം ഉന്നയിക്കുമെന്നും ഡിഎംകെ നേതാവ് എ രാജ വ്യക്തമാക്കിയിരുന്നു. ഇതിനു മറുപടിയായിട്ടാണ് നാഗേന്ദ്രൻ സംസ്ഥാനം വിഭജിക്കണമെന്ന ആവശ്യം ഉന്നയിച്ചത്.
സംസ്ഥാനത്തെ വിഭജിച്ച് 117 നിയമസഭാ മണ്ഡലങ്ങളുൾപ്പെടുന്ന സംസ്ഥാനങ്ങളാക്കി മാറ്റണമെന്നാണ് നാഗേന്ദ്രന്റെ അഭിപ്രായം.ഈ രണ്ടു സംസ്ഥാനങ്ങൾക്കും പേരും കണ്ടെത്തിയിട്ടുണ്ട്. പാണ്ഡ്യ രാജ്യമെന്നും പല്ലവ രാജ്യമെന്നുമാണ് ആ പേരുകൾ. തമിഴ്നാട് സംസ്ഥാനം രണ്ടായി വിഭജിച്ചാൽ ആ രണ്ടിലും മുഖ്യമന്ത്രിയാകാൻ ബിജെപിക്ക് കഴിയുമെന്നും നാഗേന്ദ്രൻ പറഞ്ഞു.
തമിഴ്നാട്ടിലെ പ്രത്യേക രാജ്യമാക്കണമെന്ന രാജയുടെ പ്രസംഗം കേട്ടപ്പോഴാണ് എനിക്ക് ഇങ്ങനെ ആശയം തോന്നിയതെന്നും നാഗേന്ദ്രൻ പറഞ്ഞു.തമിഴ്നാടിനെ രണ്ടാക്കിയാൽ കേന്ദ്ര പദ്ധതികളെല്ലാം ജനങ്ങളിലേക്കു നല്ല രീതിയിൽ എത്തിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞത്.