പാലക്കാട്: ഭരണഘടന നിന്ദാ പ്രസംഗത്തെ തുടർന്ന് മന്ത്രിപദം രാജിവെച്ച സജി ചെറിയാനെ തിരികെ കൊണ്ടുവരാൻ ഡാമൊന്നും തുറന്നുവിടരുത് എന്ന പരിഹാസവുമായി കോൺഗ്രസ് നേതാവ് വി.ടി ബൽറാം. ഒന്നാം പിണറായി സർക്കാരിൽ രാജി വയ്ക്കേണ്ടിവന്ന ഇ.പി. ജയരാജനെ പ്രളയകാലത്ത് തിരിച്ചെടുത്ത് ചൂണ്ടിക്കാട്ടിയായിരുന്നു ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ബന്ധു നിയമനം കൈയോടെ പിടികൂടിയപ്പോൾ ഒന്നാം പിണറായി സർക്കാരിൽ നിന്ന് നാണം കെട്ട് രാജി വയ്ക്കേണ്ടിവന്ന ജയരാജൻ പിന്നീട് വീണ്ടും മന്ത്രിയായത് നാട് വലിയൊരു മനുഷ്യ നിർമ്മിത പ്രളയത്തെ അഭിമുഖീകരിക്കുന്നതിന്റെ ഇടയിലാണ്.
ഇന്ന് നാണം കെട്ട് രാജിവച്ച് പുറത്തുപോവുന്ന സജി ചെറിയാനെ ചുളുവിൽ തിരിച്ചു കൊണ്ടുവരുന്നതിനായി ഇനി വീണ്ടും ഡാമൊന്നും തുറന്നുവിടരുതെന്ന് ബന്ധപ്പെട്ടവരോട് വിനയപുരസരം അഭ്യർത്ഥിക്കുന്നു.