തൃശൂർ: കുന്നംകുളത്തു യുവതിയെ കാറിൽനിന്നു തള്ളിയിട്ടു കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ചെറായി സ്വദേശി പ്രതീക്ഷയ്ക്കു നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗുരുവായൂർ കാവീട് സ്വദേശി അർഷാദിനെയാണ് കുന്നംകുളം പോലീസ് പിടികൂടിയത്. ഒരുമിച്ചു യാത്ര ചെയ്യുന്നതിനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും പ്രതീക്ഷയെ അർഷാദ് തള്ളിയിടുകയുമായിരുന്നെന്നു പോലീസ് പറഞ്ഞു. അർഷാദിൽ നിന്ന് പത്ത് ഗ്രാം എംഡിഎംഎ പിടികൂടി. നിരോധിത മയക്കുമരുന്നാണ് ഇത്. ഇയാളുടെ മയക്കുമരുന്ന് സംഘവുമായള്ള ബന്ധം അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
പരിക്കേറ്റ നിലയിലാണ് രാവിലെ റോഡരികിൽ പ്രതീക്ഷയെ കണ്ടെത്തിയത്. പോലീസെത്തി യുവതിയുടെ മൊഴി എടുത്തതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.
ഭർത്താവുമായി അകന്നു കഴിയുന്ന യുവതി രണ്ടാഴ്ചയോളമായി അർഷാദിനൊപ്പമായിരുന്നു. രാവിലെ ഒരുമിച്ചു യാത്ര ചെയ്യുന്നതിനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും അർഷാദ് പ്രതീക്ഷയെ ഡോർ തുറന്നു പുറത്തേക്കു തള്ളുകയുമായിരുന്നു.
ഗുരുവായൂർ കാവീട് സ്വദേശിയാണ് അർഷാദ്. ഇയാൾ കുന്നംകുളം പൊലീസിന്റെ പിടിയിലാണ്.