തിരുവല്ല: മല്ലപ്പള്ളിയിലെ വിവാദ പ്രസംഗത്തിൽ മുൻ മന്ത്രി സജി ചെറിയാനെതിരേ കേസെടുക്കാൻ നിർദേശം. കൊച്ചി സ്വദേശിയായ അഭിഭാഷകന്റെ പരാതിയിലാണ് നടപടി. തിരുവല്ല ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് പോലീസിന് നിർദേശം നൽകിയത്.
സിപിഎം നിർദേശത്തെ തുടർന്ന് ബുധനാഴ്ച വൈകുന്നേരം സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് കോടതി കേസെടുക്കാൻ നിർദേശം നൽകിയിരിക്കുന്നത്. സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്നാണ് ഇന്നു തന്നെ രാജി തീരുമാനമുണ്ടായത്.
ഭരണഘടനയ്ക്കോ ദേശീയപതാക ഉള്‍പ്പെടെയുള്ള ദേശീയ ചിഹ്നങ്ങള്‍ക്കോ എതിരെ പൊതുപരിപാടികളില്‍ ഏതെങ്കിലും തരത്തില്‍ ആക്ഷേപം ഉന്നയിക്കുന്നത് 1971 ലെ ദ് പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട്സ് ടു നാഷണല്‍ ഹോണര്‍ ആക്ട് പ്രകാരം മൂന്നു വർഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന ഗുരുതര കുറ്റമാണെന്നു നിയമവിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
എംഎല്‍എ എന്ന നിലയിലും മന്ത്രിയെന്ന നിലയിലും ഭരണഘടനയ്ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാമെന്ന് സത്യപ്രതിജ്ഞ ചെയ്താണ് സജി ചെറിയാന് അധികാരമേറ്റെടുത്തത്. ഈ സാഹചര്യത്തില്‍ സത്യപ്രതിജ്ഞ ലംഘനം നടത്തിയ മന്ത്രിക്ക് നിയമപരമായി തുടരാനാവില്ലെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.