തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗം പൊലീസ് പരിശോധിക്കും. നിലവില്‍, ഭരണഘടനാ അവഹേളന പ്രസംഗത്തിൽ മന്ത്രിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ കിട്ടിയ പരാതികൾ സാധാരണ നടപടിക്രമങ്ങളുടെ ഭാഗമായി തിരുവല്ല ഡിവൈഎസ്പിക്ക് കൈമാറിയിരിക്കുകയാണ്. പരാതികളിൽ എന്ത് തുടർ നടപടി വേണം എന്നത് പൊലീസ് തീരുമാനിച്ചിട്ടില്ല. മന്ത്രി ആരോപണ വിധേയനായ സംഭവത്തിൽ ഉന്നത തല നിര്‍ദേശമില്ലാതെ പൊലീസ് അന്വേഷണം ഉണ്ടാകില്ല. സംഭവത്തില്‍ കേസെടുക്കുന്നത് സംബന്ധിച്ച് പൊലീസ് നിയമോപദേശവും തേടും എന്നാണ് വിവരങ്ങൾ ലഭിക്കുന്നത്.
അതേസമയം, മന്ത്രി സജി ചെറിയാന്റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തമാക്കുകയാണ്. ഭരണ ഘടനയെ അല്ല ഭരണകൂടത്തെ ആണ് വിമര്‍ശിച്ചത് എന്ന മന്ത്രിയുടെ വിശദീകരണത്തോടെ രാജി ആവശ്യം സിപിഎം തള്ളിയിരുന്നു.