മുംബൈ: മഹാരാഷ്ട്രയില്‍ ഇപ്പോൾ തിരഞ്ഞെടുപ്പു നടത്തിയാൽ ശിവസേന നൂറ് സീറ്റുകളിലധികം നേടുമായിരുന്നെന്ന് ശിവസേന എംപി സഞ്ജയ് റാവുത്ത്. ശിവസേന വിട്ടുപോയ എംഎൽഎമാരോടു ജനം ദേഷ്യത്തിലാണെന്നും റാവുത്ത് അവകാശപ്പെട്ടു. പണവും കേന്ദ്ര ഏജൻസികളെയും ഉപയോഗിച്ച് ശിവസേനയെ ഹൈജാക്ക് ചെയ്യാൻ സാധിക്കില്ലെന്നും സഞ്ജയ് റാവുത്ത് വ്യക്തമാക്കി.
“മഹാരാഷ്ട്രയിൽ ഇപ്പോൾ ഇടക്കാല തിരഞ്ഞെടുപ്പ് നടത്തിയാൽ ശിവസേന 100 സീറ്റുകൾക്കു മുകളിൽ നേടും. പൊതുവികാരം വിമതർക്ക് എതിരാണ്. ഒരു എംഎൽഎ പാർട്ടി വിട്ടാൽ ശിവസേനയ്ക്കു വോട്ടർമാരെ നഷ്ടമായെന്നല്ല അർഥം. മുന്‍പ് ആരൊക്കെ പാർട്ടി വിട്ടിട്ടുണ്ടോ, ആരൊക്ക ശിവസേനയെ ചതിച്ചിട്ടുണ്ടോ അവരൊക്കെ ഏക്നാഥ് ഷിൻഡെ സംസാരിച്ച പോലെയാണ് അന്നും പ്രതികരിച്ചത്. വൈകാരിക പ്രകടനം നടത്തി തന്റെ ഭാഗമാണു ശരിയെന്നു ബോധിപ്പിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം.”– സഞ്ജയ് റാവുത്ത് മാധ്യമങ്ങളോടു പറഞ്ഞു.
അടുത്ത തിരഞ്ഞെടുപ്പിൽ ശിവസേനയും ബിജെപിയും ഒരുമിച്ച് ഇരുനൂറിലേറെ സീറ്റിൽ വിജയിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ അവകാശപ്പെട്ടിരുന്നു. അങ്ങനെ സംഭവിച്ചില്ലെങ്കിൽ രാഷ്ട്രീയം നിർത്തി താൻ കൃഷിപ്പണിയിലേക്കു തിരികെ പോകുമെന്നും ഏക്നാഥ് ഷിൻഡെ പറഞ്ഞു.