കല്യാണി പ്രിയദർശൻ മലപ്പുറംകാരിയാവുന്നു. ടൊവിനോ തോമസിന്റെ നായികയായി എത്തുന്ന തല്ലുമാലയ്ക്കുശേഷം കല്യാണി അഭിനയിക്കുന്ന ചിത്രം നവാഗതനായ മനോജ് ആണ് സംവിധാനം ചെയ്യുന്നത്. കല്യാണി ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നിരവധി പുതുമുഖങ്ങളും അണിനിരക്കുന്ന ചിത്രം വി 4 സിനിമാസാണ് നിർമ്മാണം. ചിത്രത്തിലെ മറ്റു താരങ്ങളെയും അണിയറ പ്രവർത്തകരെയും ഉടൻ പ്രഖ്യാപിക്കുമെന്നാണ് വിവരം. പ്രണവ് മോഹൻലാൽ, വിനീത് ശ്രീനിവാസൻ ചിത്രം ഹൃദയം ആണ് കല്യാണി നായികയായി അവസാനം തിയേറ്ററിൽ എത്തിയ സിനിമ. തല്ലുമാല ആഗസ്റ്റ് 12നാണ് റിലീസ് ചെയ്യുന്നത്. ആദ്യമായാണ് കല്യാണി ടൊവിനോയോടൊപ്പം അഭിനയിക്കുന്നത്.
ഖാലിദ് റഹ് മാൻ സംവിധാനംചെയ്യുന്ന ചിത്രത്തിൽ സലിം കുമാർ പാടി അഭിനയിച്ച ഗാനരംഗം ഏറെ ആസ്വാദകരെ നേടി. അതേസമയം തെലുങ്ക് ചിത്രം ഹലോയിലൂടെ വെള്ളിത്തിരയിൽ എത്തിയ കല്യാണിയുടെ ആദ്യ മലയാള സിനിമ സുരേഷ് ഗോപി, ശോഭന, ദുൽഖർ സൽമാൻ ചിത്രം വരനെ ആവശ്യമുണ്ട് ആണ്. മരക്കാർ അറബിക്കടലിന്റെ സിംഹം, ബ്രോ ഡാഡി എന്നീ ചിത്രങ്ങളിലും അഭിനയിച്ച കല്യാണി മലയാളത്തിൽ സജീവമാകാനുള്ള ഒരുക്കത്തിലാണ്. തമിഴിൽ ചിമ്പു ചിത്രം മാനാട് എന്ന സിനിമയാണ് അവസാനം റിലീസ് ചെയ്തത്.