തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട കേസിൽ മൊബൈൽ ഫോണുകളുടെ ശാസ്ത്രീയ പരിശോധന നടത്താത്തത് എന്തുകൊണ്ടാണെന്നു വിശദീകരിക്കാൻ സിബിഐയ്ക്ക് ഒരുമാസം സമയം നൽകാനാകില്ലെന്നു കോടതി. ഈ മാസം 16ന് വിശദീകരണം നൽകാൻ സിബിഐക്ക് കോടതി കർശന നിർദേശം നൽകി. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആർ.രേഖയുടേതാണ് ഉത്തരവ്.
വിശദീകരണത്തിന് ഒരു മാസം സമയം വേണമെന്നായിരുന്നു സിബിഐയുടെ ആവശ്യം. ഈ ആവശ്യം കോടതി തള്ളി. ബാലഭാസ്ക്കറിന്റേത് അപകട മരണമാണെന്നും അസ്വാഭാവികതയില്ലെന്നും സിബിഐ കോടതിയിൽ വാദിച്ചു.
സ്വർണക്കടത്ത് കേസിലെ പ്രതികളും സുഹൃത്തുക്കളും ചേർന്ന് ബാലഭാസ്കറിനെ കൊലപ്പെടുത്തിയതാണെന്നും മരണത്തിൽ സി ബി ഐയുടെ റിപ്പോർട്ട് തള്ളണമെന്നും ആവശ്യപ്പെട്ടാണ് അച്ഛൻ ഉണ്ണി തിരുവനന്തപുരം സി ജെ എം കോടതിയെ സമീപിച്ചത്. ബാലഭാസ്കർ കൊല്ലപ്പെട്ട വാഹനാപകടത്തിന് പിന്നിൽ അസ്വാഭാവികതയില്ലെന്നാണ് സി ബി ഐ കണ്ടെത്തൽ. വണ്ടിയോടിച്ചിരുന്ന അർജുനെ പ്രതിയാക്കി സി ബി ഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. മനപ്പൂർവമല്ലാത്ത നരഹത്യക്കാണ് കേസ്. അമിത വേഗതയിലും അശ്രദ്ധയോടെയും അർജുൻ വാഹനമോടിച്ചതാണ് അപകടത്തിന് കാരണമെന്ന് സിബിഐ സംഘം കണ്ടെത്തി. സാക്ഷിയായി രംഗത്ത് വന്ന സോബിക്കെതിരെയും കേസെടുത്തു. തെറ്റായ വിവരങ്ങൾ നൽകിയതിനും കൃത്രിമ തെളിവ് ഹാജരാക്കിയതിനുമാണ് കേസ്.
കേസിൽ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം സമർപ്പിച്ച ഹർജിയിൽ ഉത്തരവ് പറയാൻ ഇരിക്കുന്ന ഘട്ടത്തിലാണ് ബാലഭാസ്കറിന്റെ ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കാത്തത് എന്താണെന്ന് കോടതി ആരാഞ്ഞത്. ബാലഭാസ്കർ സഞ്ചരിച്ച കാറിൽനിന്നും ലഭിച്ച മൂന്നു മൊബൈൽ ഫോണുകൾ മംഗലപുരം പൊലീസ് സ്റ്റേഷനിൽനിന്നും ബാലഭാസ്കറിന്റെ മാനേജർ പ്രകാശൻ തമ്പി വാങ്ങിയിരുന്നതായി ബാലഭാസ്കറിന്റെ പിതാവിനുവേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു.
ഈ മൊബൈൽ ഫോണുകൾ പിന്നീട് ഡിആർഐ സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് സി ഡിറ്റിൽ അന്വേഷണത്തിന് അയച്ചു. സിബിഐ ഇതിന്റെ സർട്ടിഫിക്കറ്റ് വാങ്ങിക്കുകയോ ഇതുമായി ബന്ധപ്പെട്ട പരാമർശം കുറ്റപത്രത്തിൽ കാണിക്കുകയോ ചെയ്തിട്ടില്ല. പ്രകാശൻ തമ്പി ബാലഭാസ്കറിന്റെ മാനേജർ അല്ല എന്നാണ് ബാലഭാസ്കറിന്റെ ഭാര്യ നൽകിയിരിക്കുന്നു മൊഴി. കുറ്റപത്രത്തിൽ മുഴുവൻ അസ്വഭാവികതയുണ്ട്. അതിനൊന്നും കൃത്യമായ വിശദീകരണം നൽകാൻ സിബിഐക്ക് കഴിഞ്ഞിട്ടില്ല. കേസ് അന്വേഷണം ശരിയായി രീതിയിൽ നടക്കാത്തതിനാലാണ് സിബിഐയ്ക്കു വിശദീകരണം നൽകാൻ കഴിയാത്തതെന്നും അഭിഭാഷകൻ വാദിച്ചു.
2018 സെപ്തംബർ 25 നാണ് അപകടം നടന്നത്. അപകടത്തിൽ ബാലഭാസ്കറും മകളും മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭാര്യ ലക്ഷ്മിയെ രക്ഷിക്കാനായി. അർജുന് സാരമായി പരിക്കേറ്റിരുന്നില്ല. തിരുവനന്തപുരം സി ജെ എം കോടതിയിലാണ് കുറ്റപത്രം നൽകിയത്. സി ബി ഐ, ഡി വൈ എസ്പി അനന്തകൃഷ്ണനാണ് കുറ്റപത്രം നൽകിയത്.