സംസ്ഥാനത്തെ അവയവദാന ശസ്ത്രക്രിയാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താന്‍ ഒന്നര കോടി രൂപ അനുവദിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. അവയവദാനങ്ങളുടെ എണ്ണം കൂട്ടാനും മെഡിക്കല്‍ കോളജുകളില്‍ കൂടുതല്‍ അവയവദാന ശസ്ത്രക്രിയകള്‍ നടത്താനുമാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ, അവയവദാനത്തിലൂടെ ജീവന്‍ നിലനിര്‍ത്താനായി കാത്തിരിക്കുന്ന അനേകം പേര്‍ക്ക് സഹായകരമാകും. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഉള്‍പ്പെടെ സജീവമാക്കാനാണ് മെഡിക്കല്‍ കോളജുകള്‍ക്ക് ഇത്രയും തുക അനുവദിക്കുന്നതെന്നും മന്ത്രി പറഞ്ഞു .മുഴുവന്‍ ട്രാന്‍സ്പ്ലാന്റ് അഡ്മിനിസ്‌ട്രേഷനും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിന് വേണ്ടി കേരള സ്‌റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍ രൂപീകരിച്ചു.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് 55 ലക്ഷം, കോട്ടയം മെഡിക്കല്‍ കോളജ് 50 ലക്ഷം, കോഴിക്കോട് മെഡിക്കല്‍ കോളജ് 45 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വെന്റിലേറ്റര്‍, മള്‍ട്ടിപാരമീറ്റര്‍ മോണിറ്ററുകള്‍, പോര്‍ട്ടബിള്‍ എബിജി അനലൈസര്‍ മെഷീന്‍, 10 ഐസിയു കിടക്കകള്‍, സര്‍ജിക്കല്‍ ഉപകരണങ്ങള്‍ എന്നിവയ്ക്കും, കോട്ടയം മെഡിക്കല്‍ കോളജില്‍ അനസ്‌തേഷ്യ വര്‍ക്ക്‌സ്‌റ്റേഷന്‍, കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വേണ്ടിയുള്ള ട്രാന്‍സ്പ്ലാന്റ് ഉപകരണങ്ങള്‍, ലാപ്രോസ്‌കോപ്പി സെറ്റ്, റിനല്‍ ട്രാന്‍സ്പ്ലാന്റ് ഐസിയു ഉപകരണങ്ങള്‍ എന്നിവയ്ക്കും, കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സിആര്‍ആര്‍ടി മെഷീന്‍, പോര്‍ട്ടബിള്‍ ഡയാലിസിസ് മെഷീന്‍, അള്‍ട്രാ ലോ ടെമ്പറേച്ചര്‍ ഫ്രീസ് എന്നിവയ്ക്കുമാണ് തുകയനുവദിച്ചത്.