പി.സി. ജോര്‍ജിനെതിരായ പീഡന പരാതിയില്‍ സംശയമെന്ന് തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി. പരാതി വൈകിയത് ദുരൂഹമാണ്. കേസിനെക്കുറിച്ചും നിയമനടപടിയെ കുറിച്ച് പരാതിക്കാരിക്ക് അറിവുണ്ട്. മുന്‍മുഖ്യമന്ത്രിക്കെതിരെ അടക്കം സമാന വിഷയത്തില്‍ നിയമ നടപടി സ്വീകരിച്ച വ്യക്തിയാണ് പരാതിക്കാരി. പരാതി നല്‍കാന്‍ അഞ്ച് മാസത്തോളം വൈകിയതിന് കൃത്യമായ കാരണം ബോധിപ്പിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പീഡന പരാതിയിൽ പി സി ജോർജിനെ അറസ്റ്റ് ചെയ്തതിൽ പൊലീസിനെയും കോടതി വിമർശിച്ചു. പിസി ജോര്‍ജിനെ അറസറ്റ് ചെയ്തത് സുപ്രിം കോടതിയുടെ മാനദണ്ഡം പാലിച്ചല്ല. അറസ്റ്റിന് മുമ്പ് പ്രതിയുടെ ഭാഗം കേള്‍ക്കാനുള്ള നിയമപരമായ അവകാശം നല്‍കിയില്ലെന്ന് കോടതി വിമർശിച്ചു. തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ ജാമ്യ ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം.
അതേസമയം പി സി ജോര്‍ജ് തന്നോട് മോശമായി പെരുമാറുമെന്ന് കരുതിയിരുന്നില്ലെന്ന് സോളാര്‍ കേസ് പ്രതിയായ പരാതിക്കാരി പറഞ്ഞിരുന്നു. സ്വപ്‌ന സുരേഷിനെക്കുറിച്ച് പി സി ജോര്‍ജ് തന്നോട് പറഞ്ഞപ്പോള്‍ തന്നെ ഗൂഢാലോചന മണത്തിരുന്നുവെന്ന് പരാതിക്കാരി പറഞ്ഞു. ഈ വിഷയത്തില്‍ തന്നെ എന്തിന് ഉള്‍പ്പെടുത്തുന്നുവെന്ന് അറിയാനാണ് പി സി ജോര്‍ജ് പറഞ്ഞ പ്രകാരം ഗസ്റ്റ്ഹൗസിലേക്ക് പോയത്. മുറിയിലുണ്ടായിരുന്ന അതിഥിയെ പി സി ജോര്‍ജ് പരിചയപ്പെടുത്തി. അതിഥി പോയതിനുശേഷമാണ് പി സി ജോര്‍ജ് തന്നോട് മോശമായി പെരുമാറിയതെന്ന് പരാതിക്കാരി പറഞ്ഞു.