പാലക്കാട്: പാലക്കാട് തങ്കം ആശുപത്രിയിൽ നവജാത ശിശുവിന് പിന്നാലെ അമ്മയും മരിച്ച സംഭവത്തിൽ യുവജന കമ്മീഷൻ സ്വമേധയാ കേസ് എടുത്തു. സംഭവത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് കമ്മീഷൻ നിർദേശം നൽകി. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. യുവജന കമ്മീഷൻ അംഗം ടി.മഹേഷാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്.
തത്തമംഗലം സ്വദേശി ഐശ്വര്യ മരിച്ച സംഭവത്തിൽ, ചികിത്സാ പിഴവിന് മൂന്ന് ഡോക്ടർമാർക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഐശ്വര്യ ഇന്നും നവജാത ശിശു ഇന്നലെയുമാണ് മരിച്ചത്. കുഞ്ഞിന്റെയും അമ്മയുടേയും മരണത്തിന് കാരണം ആശുപത്രിയിലെ ഡോക്ടർമാരുടെ അശ്രദ്ധയും അനാസ്ഥയും ആണെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. നടപടി ആവശ്യപ്പെട്ട് ഇവർ പ്രതിഷേധിച്ചതിന് പിന്നാലെയാണ് ഡോക്ടർമാർക്കെതിരെ പൊലീസ് കേസ് എടുത്തിരിക്കുന്നത്.