കോട്ടയം: ഫാരിസ് അബൂബക്കർ കേരളത്തിന്‍റെ നിഴൽ മുഖ്യമന്ത്രിയാണെന്ന് പി സി ജോർജ്. ആറു വർഷമായി പിണറായി മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്നു എന്നേ ഉള്ളൂ. നിയന്ത്രണം ഫാരിസിനാണ്. 2009 ൽ കോഴിക്കോട് ലോക്‌സഭ സീറ്റിൽ വീരേന്ദ്രകുമാറിനെ മാറ്റി അത് ഫാരിസിന് കൊടുത്തു. ഫാരിസ് നിർത്തിയ സ്ഥാനാർഥിയാണ് മുഹമ്മദ് റിയാസ്. ആ റിയാസാണ് ഇപ്പോഴത്തെ മന്ത്രി.
2004 ലെ മലപ്പുറം സമ്മേളനം മുതൽ പിണറായിയുടെ മെന്‍റർ ആണ് ഫാരിസ്. മലപ്പുറത്ത് ഒളിച്ചു താമസിച്ചാണ് ഫാരിസ് വി എസിനൊപ്പമുള്ള പ്രതിനിധികളെ മറിച്ചത്. പണമെറിഞ്ഞ് ഫാരിസാണ് അട്ടിമറി നടത്തിയത്. കഴിഞ്ഞ ആറു വർഷമായി കേരളത്തിൽ ആരും ഫാരിസിനെ കണ്ടിട്ടില്ല. കണ്ടത് പിണറായി വിജയൻ മാത്രമാണെന്നും പി സി ജോർജ് പറഞ്ഞു. മുഖ്യമന്ത്രിയുടെ രണ്ടു മക്കളുടെ മൂന്നു കല്യാണങ്ങൾക്കും തലേ ദിവസം ഫാരിസ് എത്തിയിരുന്നു. തന്‍റെ ആരോപണങ്ങൾക്ക് മറുപടി നൽകാൻ ഇല്ലാത്തത് കൊണ്ടാണ് സി പി എം അവഗണിക്കുന്നതെന്നും പി സി ജോർജ് വ്യക്തമാക്കി.