കശ്മീരികൾക്ക് വൈദ്യുതി സൗജന്യമായി ലഭിക്കുന്നുവെന്ന് വ്യാജ പ്രചാരണം. കഴിഞ്ഞ 70 വർഷമായി ജമ്മു കശ്മീരിലെ ആരും തന്നെ വൈദ്യുതി ബിൽ അടയ്ക്കുന്നില്ലെന്നാണ് പ്രചരിക്കുന്ന സന്ദേശം. വൈദ്യുതി മീറ്ററുകൾ തല്ലിപ്പൊട്ടിക്കുന്ന സ്ത്രീകളുടെ വിഡിയോയാണ് വ്യാജ പ്രചാരണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. 70 വർഷമായി സൗജന്യമായി വൈദ്യുതി ഉപയോഗിച്ചുപോന്നത് കൊണ്ടുതന്നെ വീടുകളിൽ ഘടിപ്പിക്കുന്നതിനായി മീറ്ററുകൾ കൊണ്ടുവന്നപ്പോൾ സ്ത്രീകൾ പ്രതിഷേധിച്ചുവെന്നും അവ തല്ലിപ്പൊട്ടിച്ച് കളഞ്ഞുവെന്നും വിഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നു.
എന്നാൽ എല്ലായിടത്തേയും പോലെ കശ്മീരിലുള്ളവരും വൈദ്യുതി ബിൽ അടയ്ക്കുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം. 70 വർഷമായി കശ്മീർ ജനത വൈദ്യുതി ബിൽ അടയ്ക്കുന്നില്ലെന്ന വാർത്ത വ്യാജമാണെന്ന് ജമ്മു പവർ ഡിസ്ട്രിബ്യൂഷൻ കോർപറേഷൻ ലിമിറ്റഡ് അറിയിച്ചു. നിലവിൽ പ്രചരിക്കുന്ന വിഡിയോ പഴയ മീറ്ററുകൾ മാറ്റി പുതിയ സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്നതിനെതിരെ മെയ് 27ന് ശ്രീനഗറിലെ രാജ്ഭാഗിൽ നടന്ന പ്രതിഷേധത്തിന്റേതാണ്. ഇതോടെ പ്രചരിക്കുന്ന വാർത്ത വ്യാജ മാണെന്ന് വ്യക്തമാണ്.