രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമണത്തില്‍ അച്ചടക്ക നടപടിയുമായി എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി. എസ്എഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു. ഏഴംഗ അഡ്‌ഹോക് കമ്മിറ്റിക്ക് പകരം ചുമതല നല്‍കി. സംസ്ഥാന നേതൃത്വത്തിന്റെതാണ് നടപടി. കേസില്‍ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയും പ്രസിഡന്റും അടക്കം അറസ്റ്റിലായിരുന്നു. സിപിഐഎം നിര്‍ദേശ പ്രകാരമാണ് എസ്എഫ്‌ഐ നടപടി സ്വീകരിച്ചത്. എസ്എഫ്‌ഐ ആക്രമണത്തെ തള്ളി സിപിഐഎം നേരത്തെ രംഗത്തുവന്നിരുന്നു. കല്‍പറ്റയിലെ തന്റെ ഓഫിസ് ആക്രമിച്ച എസ്എഫ്‌ഐ കുട്ടികളോട്? ദേഷ്യമോ ശത്രുതയോ ഇല്ലെന്നും ഉത്തരവാദിത്തമില്ലായ്മയാണ് അവര്‍ കാണിച്ചതെന്നും രാഹുല്‍ ഗാന്ധിയും നേരത്തെ പ്രതികരിച്ചിരുന്നു.
തന്റെ ഓഫിസ് വയനാട്ടിലെ ജനങ്ങളുടേതാണ്. ഓഫിസ് ആക്രമണം ഒന്നിനും പരിഹാരമല്ല അദ്ദേഹം വ്യക്തമാക്കി. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തകര്‍ത്ത ഓഫിസ് സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു രാഹുലിന്റെ പ്രതികരണം. തന്റെ ഓഫിസ് എന്നതിലുപരി വയനാട്ടിലെ ജനങ്ങളുടെ ശബ്ദമാവേണ്ട ഓഫിസാണ് ആക്രമിക്കപ്പെട്ടതെന്നത് ദൗര്‍ഭാഗ്യകരമാണ്. ഇതിനെ വലിയ സംഭവമായി കാണുന്നില്ല. ഇത്തരം പ്രവൃത്തികളുടെ അനന്തരഫലം എന്താവുമെന്ന് അവര്‍ ചിന്തിച്ചിട്ടുണ്ടാവില്ല. അവര്‍ക്ക് മാപ്പ്‌കൊടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.