പാലക്കാട്: മണ്ണാർക്കാട് നടന്ന പ്രതിഷേധത്തിലെ ഡിവൈഎഫ്ഐയുടെ കൊലവിളി മുദ്രാവാക്യത്തിനെതിരെ കേസെടുത്ത് പൊലീസ്. യൂത്ത് കോൺഗ്രസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മണ്ണാർക്കാട് പൊലീസ് കേസെടുത്തത്.
കലാപശ്രമം, അന്യായമായി കൂടിച്ചേരൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. എകെജി സെന്‍റര്‍ ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്നലെ മണ്ണാർക്കാട് ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധ പ്രകടനത്തിലായിരുന്നു കൊലവിളി മുദ്രാവാക്യം.
‘കൃപേഷിനെ അരിഞ്ഞു തള്ളിയ പൊന്നരിവാൾ അറബിക്കടലിൽ എറിഞ്ഞിട്ടില്ല’… ‘ആ പൊന്നരിവാൾ തുരുമ്പെടുത്ത് പോയിട്ടില്ല’… ‘വല്ലാണ്ടങ്ങ് കുരച്ചപ്പോൾ അരിഞ്ഞ് തള്ളി’, എന്നിങ്ങനെയായായിരുന്നു പ്രകടനത്തിലെ മുദ്രാവാക്യം. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ സി റിയാസുദ്ദീന്‍റെ നേതൃത്വത്തിലാണ് പ്രകോപന മുദ്രാവാക്യവുമായി പ്രകടനം നടത്തിയത്.