മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകള്‍ പ്രധാന ചര്‍ച്ചാ വിഷയമാണ്. നിയമസഭ ആരംഭിച്ചതോടെ ഇതുമായി ബന്ധപ്പെട്ട പല ആരോപണങ്ങളും പ്രതിപക്ഷം സഭയില്‍ ഉന്നയിക്കുന്നുണ്ട്. അത്തരത്തില്‍ മുന്‍പ് മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്കെതിരെ ഉയര്‍ന്നുവന്ന ആരോപണം മാത്യു കുഴല്നാടന് പരാമര്‍ശിച്ചതോടെ മുഖ്യമന്ത്രി അത് നിഷേധിക്കുകയും അതെച്ചൊല്ലി വീണ്ടും വിവാദം ഉയരുകയും ചെയ്തു. പിഡബ്ല്യുസി(PWC) ഡയറക്ടര്‍ ജെയ്ക് ബാലകുമാറാണ് വീണയുടെ സോഫ്റ്റ് വെയര്‍ കമ്പനിയായ എക്സാലോജികിന്റെ(Exalogic) മെന്റര്‍ എന്നും വിവാദമായതോടെ ഇത് തിരുത്തിയെന്നുമുള്ള പഴയ ആരോപണമാണ് മാത്യു കുഴല്നാടന് വീണ്ടും ഉന്നയിച്ചത്. ഇതിന്റെ ചുവടുപിടിച്ചാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ നിറയുന്നത്.
‘പ്രൈസ് വാട്ടര്‍ ഹൗസ് കുപ്പേഴ്സ് ഡയറക്ടര്‍ ജെയ്ക് ബാലകുമാര്‍ ഇതാണ് കുഴല്നാടന് പറഞ്ഞ മെന്റര്‍.’ എന്നുള്ള കുറിപ്പോടെയാണ് പോസ്റ്റർ പ്രചരിക്കുന്നത്. എന്നാല്‍, പ്രചരിക്കുന്ന ഈ വാദം തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണ്. വീണാ വിജയനൊപ്പം നില്‍ക്കുന്നത് ജെയ്ക് ബാലകുമാറല്ല.
പ്രചരിക്കുന്ന ചിത്രം ഒരു ഉദ്ഘാടന വേദിയാണെന്ന് മനസിലാകും. മെഴുകുതിരികൊണ്ട് വിളക്ക് തെളിക്കുന്ന ഒരു ചെറുപ്പക്കാരനും മുഖ്യമന്ത്രിയുടെ മകള്‍ വീണയും മറ്റും ചിലരും സമീപത്തും കാണാനാകുന്നുണ്ട്. വിളിക്ക് തെളിക്കുന്നയാളാണ് വിവാദ കമ്പനിയായ പിഡബ്ല്യുസിയുടെ ഡയറക്ടര്‍ ജെയ്ക് ബാലകുമാര്‍ എന്നാണ് പോസ്റ്റില്‍ പറയുന്നത്. എന്നാൽ ഫോട്ടോയിലുള്ള ചെറുപ്പക്കാരന്റെ ചിത്രം ഗൂഗിളിൽ തിരഞ്ഞപ്പോള്‍ നൗക്കരി.കോം(Naukari.com) എന്ന എച്ച്ആര്‍ വെബ്സൈറ്റില്‍ ഇതേയാളുടെ പൊഫൈല്‍ ലഭ്യമായി.
ദീപക്, മാനേജിംഗ് പാര്‍ട്ണര്‍, എക്സാലോജിക് എന്നാണ് ഇതില്‍ നല്‍കിയിരിക്കുന്ന വിവരം. അതായത് വീണയുടെ സഹപ്രവര്‍ത്തകനും അവരുടെ സ്ഥാപനത്തിന്റെ മാനേജിംഗ് പാര്‍ട്ണറുമായ ദീപകാണ് ചിത്രത്തിലുള്ളതെന്ന് വ്യക്തമായി. മാത്രമല്ല, മാത്യു കുഴല്‍ നാടന്‍ ആരോപിച്ച ജെയ്ക് ബാലകുമാറിന്റെ ചിത്രവും വിവരങ്ങളും ഇതോടൊപ്പമുണ്ട്. ഇതേപ്പറ്റി തിരഞ്ഞപ്പോള്‍ സോഫ്റ്റ് വെയര്‍ ഫീല്‍ഡിലെ എക്സ്പേര്‍ട്ട് എന്ന നിലയിലാണ് ജെയ്ക് ബാലകുമാറിനെ തങ്ങളുടെ കമ്പനി മെന്ററായി ഉള്‍പ്പെടുത്തിയതെന്ന് വീണ മുന്‍പ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ലഭിച്ച വിവരങ്ങളിൽ നിന്നും പ്രചരിക്കുന്ന ആരോപണം തെറ്റാണെന്ന് വ്യക്തമായി.