കഴിഞ്ഞ വർഷത്തെ എസ്.എസ്.എൽ.സി ഫലവുമായി ബന്ധപ്പെട്ട് വിവാദ പരാമർശം നടത്തി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കഴിഞ്ഞ വർഷത്തെ എസ്എസ്എൽസി ഫലം ദേശീയ തലത്തിൽ തമാശയായിരുന്നുവെന്നും ഈ വർഷത്തെ വിജയം 99 ശതമാനം ആണെങ്കിലും എപ്ലസിന്റെ കാര്യത്തിൽ നിലവാരമുള്ളതാണെന്നും വിദ്യാഭ്യാസമന്ത്രി തിരുവനന്തപുരത്ത് നടന്ന പൊതുപരിപാടിയിൽ പറഞ്ഞു. ‘കഴിഞ്ഞ വർഷത്തെ നമ്മുടെ എസ്.എസ്.എൽ.സി ഫലം ദേശീയ തലത്തിൽ വലിയ തമാശയായിരുന്നു. ഒന്നേകാൽ ലക്ഷം പേർക്കാണ് എപ്ലസ് കിട്ടിയിരുന്നത്. ഇത്തവണത്തെ ഫലം നിലവാരമുള്ളതാണ്’ ചടങ്ങിൽ മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷത്തെ എസ്.എസ്.എൽ.സി ഫലം യാതൊരു ഉത്കണ്ഠക്കും ഇടയില്ലാത്തതായിരുന്നുവെന്നും 125509 പേർക്ക് എപ്ലസ് കിട്ടിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.
99.26 ആണ് ഇത്തവണ എസ്എസ്എൽസിയിലെ വിജയ ശതമാനം. 4,23,303 വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടി. വിജയശതമാനത്തിൽ കഴിഞ്ഞ വർഷത്തെക്കാൾ 0.21 ശതമാനം കുറവുണ്ട്. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവരുടെ എണ്ണത്തിലും കുറവുണ്ട്. ഏറ്റവും കൂടുതൽ വിജയശതമാനം കണ്ണൂരാണ്. 99.76 ശതമാനമാണ് കണ്ണൂരിലെ വിജയം. കുറവ് വയനാട്ടും. ഫുൾ എ പ്ലസ് ഏറ്റവും കൂടുതൽ മലപ്പുറം ജില്ലയിലാണ്.