പി.എം ശ്രീ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള തർക്കം സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയെ പ്രതിസന്ധിയിലാക്കുന്നു. പദ്ധതി നടപ്പാക്കാത്തതിനെത്തുടർന്ന് സമഗ്ര ശിക്ഷാ കേരളയ്ക്കുള്ള ഫണ്ട് കേന്ദ്രം തടഞ്ഞതോടെ, സ്കൂൾ അധ്യാപകരുടെ വേനലവധിക്കാല പരിശീലനം അനിശ്ചിതത്വത്തിലായി. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എസ്.സി.ഇ.ആർ.ടി ആണ് എല്ലാ വർഷവും അധ്യാപക പരിശീലനത്തിന് നേതൃത്വം നൽകുന്നത്. ഏപ്രിൽ മാസം അവസാനിക്കാറായിട്ടും സാമ്പത്തിക പ്രതിസന്ധി മൂലം മുന്നൊരുക്കങ്ങൾ ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല.
അധ്യാപക പരിശീലനത്തിനായി എല്ലാവർഷവും ഏകദേശം രണ്ടു കോടി രൂപയാണ് സമഗ്ര ശിക്ഷാ കേരള അനുവദിക്കാറുള്ളത്. എന്നാൽ പി.എം ശ്രീ പദ്ധതിയുടെ പേരിൽ കേന്ദ്ര വിഹിതം ലഭിക്കാത്തത് എസ്.എസ്.കെയുടെ പ്രവർത്തനങ്ങളെ പൂർണ്ണമായും സ്തംഭിപ്പിച്ചിരിക്കുകയാണ്. ഫണ്ട് ലഭിക്കാതെ പരിശീലന പരിപാടികളുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്ന നിലപാടിലാണ് എസ്.സി.ഇ.ആർ.ടി അധികൃതർ.
കഴിഞ്ഞ വർഷത്തെ പാഠ്യപദ്ധതി പരിഷ്കരണവും അനുബന്ധ പരിശീലനങ്ങളുമായി ബന്ധപ്പെട്ട് വലിയൊരു സാമ്പത്തിക ബാധ്യത എസ്.സി.ഇ.ആർ.ടി നിലവിൽ നേരിടുന്നുണ്ട്. കഴിഞ്ഞ വർഷം ആകെ 4.75 കോടി രൂപയാണ് ചെലവായത്. ഇതിൽ രണ്ട് കോടി രൂപ എസ്.എസ്.കെ നൽകിയെങ്കിലും, ബാക്കി വരുന്ന 2.75 കോടി രൂപയുടെ ബാധ്യത ഇപ്പോഴും നിലനിൽക്കുകയാണ്. ഈ കടബാധ്യതകൾക്കിടയിൽ പുതിയൊരു പരിശീലന പരിപാടി ഏറ്റെടുക്കുന്നത് അസാധ്യമാണെന്നാണ് സൂചന.
വരുന്ന മെയ് മാസത്തിൽ അധ്യാപക പരിശീലനം നടത്താൻ വിദ്യാഭ്യാസ ഗുണമേന്മ സമിതി കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. എന്നാൽ നിലവിലെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി ഈ തീരുമാനത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. കേന്ദ്രത്തിൽ നിന്നുള്ള ഫണ്ട് ലഭ്യമാകാതെ അധ്യാപക പരിശീലനം എങ്ങനെ മുൻപോട്ടു കൊണ്ടുപോകുമെന്ന കാര്യത്തിൽ സർക്കാർ വൃത്തങ്ങൾ ആശങ്ക പ്രകടിപ്പിക്കുന്നു.
















