ഇംഫാല്‍: മണിപ്പൂരിലെ 107 ടെറിട്ടോറിയൽ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിൽ 13 മരണം. അപകടത്തിൽ കാണാതായ 40 പേർക്കായി തിരച്ചിൽ തുടരുന്നു. നോനെ ജില്ലയിലെ ക്യാമ്പിൽ വ്യാഴാഴ്ച പുലർച്ചെയാണ് മണ്ണിടിച്ചിലിലുണ്ടായത്. ഏഴു സൈനികരും ഒരു റെയിൽവേ തൊഴിലാളിയുമടക്കമുള്ളവരാണ് മരിച്ചത്. ഇംഫാൽ-ജിരിബാം റെയിൽവേ പ്രൊജക്ടിന് എത്തിയതായിരുന്നു തൊഴിലാളി.
ടുപുൾ റയിൽവേ സ്റ്റേഷന് സമീപം ജിരിബാം- ഇംഫാൽ റയിൽപാത നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്നവരും സുരക്ഷ നൽകാൻ എത്തിയ ടെറിട്ടോറിയൽ ആർമി ഉദ്യോഗസ്ഥരുമാണ് അപകടത്തിൽപ്പെട്ടത്. ശക്തമായ മഴയിൽ മല ഇടിഞ്ഞുവീഴുകയായിരുന്നു. ശക്തമായ മഴ ഉണ്ടായിരുന്നതിനാൽ രക്ഷാപ്രവർത്തനത്തിന് തടസ്സമായി, കരസേനയും അസം റൈഫിൾസും ദേശീയ ദുരന്തനിവാരണ സേനയും രക്ഷാപ്രവർത്തനം തുടരുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗിനൊപ്പം സ്ഥിതി വിലയിരുത്തി. നോനി ജില്ലയിലെ റെയില്‍വേ നിര്‍മാണ ക്യാമ്പിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. ഇതുവരെ 19 പേരെ രക്ഷിക്കുകയും ആര്‍മി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
കനത്ത മഴയിലും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും സഹായങ്ങള്‍ ഉണ്ടാകുമെന്നും എല്ലാവരുടെയും സുരക്ഷയ്‌ക്കായി പ്രാര്‍ത്ഥിക്കുന്നെന്നും പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രിയും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി സംസാരിച്ചു.