തമിഴ് സൂപ്പർതാരം ‘ദളപതി’യുടെ അറുപത്തിയാറാമത് ചിത്രമാണ് വംഷി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ‘വാരിസ്’. തന്റെ പിറന്നാളിന് ‘വാരിസ്’ എന്ന പുതിയ ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ട്വിറ്ററിലൂടെ താരം പുറത്തിറക്കിയിരുന്നു. പോസ്റ്ററിൽ ചാര നിറത്തിലുള്ള സ്യൂട്ട് അണിഞ്ഞാണ് വിജയ് പ്രത്യക്ഷപ്പെടുന്നത്. ‘ദ് ബോസ് റിട്ടേൺസ്’ എന്ന ടാഗ് ലൈനിന്റെ ഒപ്പമാണ് പോസ്റ്റർ പുറത്തുവന്നത്. എന്നാൽ അപ്രതീക്ഷിതമായ ഒരു ആരോപണത്തിൽ പോസ്റ്റർ ചിത്രത്തെയും താരത്തെയും എത്തിച്ചിരുന്നു. ഈ പോസ്റ്ററിന്റെ ആശയം മോഷ്ടിച്ചതാണെന്നും പ്രമുഖ വസ്ത്ര ബ്രാൻഡായ ഓട്ടോയ്ക്ക് വേണ്ടി ദുൽഖർ സൽമാൻ അഭിനയിച്ച ഒരു പരസ്യത്തിന്റെ അനുകരണമാണെന്നുമുള്ള വാദം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തമിഴിലും മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലീഷിലുമെല്ലാം ചിത്രത്തെയും വിജയിയെയും “കോപ്പിയടി”യുടെ പേരിൽ ട്രോളിക്കൊണ്ട് ആരോപണങ്ങൾ ശക്തമായിരുന്നു.
“എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതുതന്നെ ആണല്ലോ അവസ്ഥ വിജുവേ, “എന്ന തലക്കെട്ടോടെയാണ് പോസ്റ്റർ പ്രചരിക്കുന്നത്. എന്നാൽ പ്രചരിക്കുന്ന ഈ വാദം തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണ്. വിജയ് ചിത്രത്തിന്റെ പോസ്റ്ററുമായി താരതമ്മ്യം ചെയ്യപ്പെടുന്ന ദുൽഖർ സൽമാന്റെ ചിത്രവുമായി തങ്ങൾക്ക് ബന്ധമൊന്നുമില്ലെന്ന് ഓട്ടോ ഔദ്യോഗികമായിത്തന്നെ അറിയിച്ചു. ദുൽഖറിന്റെ പ്രസ്‌തുത ചിത്രവുമായി കമ്പനിക്ക് യാതൊരു ബന്ധവുമില്ലെന്നും, അത് സൃഷ്ടിച്ചത് ഏതോ മീം ക്രിയേറ്റർ ആണെന്നും ബ്രാൻഡ് ജൂൺ 23ന് ഇൻസ്റ്റാഗ്രാമിലൂടെ വ്യക്തമാക്കി. ബ്രാൻഡിന്റെ ഔദ്യോഗിക വിശദീകരണം വന്നതോടെ വിജയ് ആരാധകർ ഇത് സമൂഹമാധ്യമങ്ങളിൽ പരക്കെ പ്രചരിപ്പിച്ചിട്ടുണ്ട്. ‘വരിസ്’ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ദുൽഖർ സൽമാൻ മോഡലായി വസ്ത്ര ബ്രാൻഡായ ഓട്ടോയ്ക്ക് വേണ്ടി ചെയ്ത ഫോട്ടോഷൂട്ടിന്റെ അനുകരണമാണ് എന്ന വാദം ശരിയല്ല എന്ന് ഇതോടെ വെക്തമായി.